ദീപ ദാസ്മുൻഷിയോട് ലീഗ്: ‘യുഡിഎഫിന്റെ കെട്ടുറപ്പ് കോൺഗ്രസിന്റെ ബാധ്യത’

Mail This Article
തിരുവനന്തപുരം ∙ യുഡിഎഫിന്റെ കെട്ടുറപ്പ് നിലനിർത്താനുള്ള ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന കാര്യം നേതാക്കൾ മറക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.കോൺഗ്രസാണ് യുഡിഎഫിനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ കെട്ടുറപ്പ് നിലനിർത്താനുള്ള ബാധ്യത അവർക്കുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി ഘടകകക്ഷി നേതാക്കളുമായി ദീപ ദാസ്മുൻഷി നടത്തുന്ന കൂടിക്കാഴ്ചയുടെ രണ്ടാം ദിവസമാണു കുഞ്ഞാലിക്കുട്ടിയെ കണ്ടത്. അടുത്തകാലത്ത് കോൺഗ്രസ് നേതൃത്വത്തിലുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ലീഗ് താൽപര്യമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ദീപ ദാസ്മുൻഷി കേരളത്തിലെത്തിയത്. തർക്കങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു ചൂണ്ടിക്കാട്ടി മാറിനിൽക്കുന്ന ലീഗ് പക്ഷേ, മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ അതു വളരരുതെന്ന ഉറച്ച നിലപാടിലാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പാണക്കാട് സാദിഖലി തങ്ങളടക്കമുള്ള ലീഗ് നേതാക്കളുമായി ചർച്ച ചെയ്യുമെന്നു കുഞ്ഞാലിക്കുട്ടി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പ്രചാരണം യുഡിഎഫ് വൈകാതെ ആരംഭിക്കണമെന്ന് ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്ചയിൽ ദീപ ദാസ്മുൻഷി പറഞ്ഞു.