ചൂരൽമല–മുണ്ടക്കൈ: കേന്ദ്രഫണ്ടിന്റെ സമയപരിധി ഡിസംബർ 31 വരെ നീട്ടി

Mail This Article
കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്രം അനുവദിച്ച 529.50 കോടി രൂപ വിനിയോഗിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31വരെയാക്കിയെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിർദേശത്തിൽ വ്യക്തത വരുത്താത്തതിന് ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വെള്ളം കലക്കി മീൻപിടിക്കുന്ന വൈദഗ്ധ്യമാണിതെന്നു കോടതി കുറ്റപ്പെടുത്തി.
ഡിസംബർ 31ന് അകവും പദ്ധതി പൂർത്തിയാക്കാനാവില്ലെന്നു കോടതി പറഞ്ഞു. ബന്ധപ്പെട്ട ഏജൻസിയുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയാണ് സാധ്യമായിട്ടുള്ളത്. അതല്ലെങ്കിൽ മറ്റെന്തെങ്കിലും അജൻഡയുണ്ടാകും. കോടതിയുടെ സമയം വെറുതേ കളയുകയാണ്. ഹൈക്കോടതി ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് കൃത്യമായി മറുപടി നൽകേണ്ടതില്ലെന്നാണു ഡൽഹിയിലെ ഉദ്യോഗസ്ഥർ കരുതുന്നതെങ്കിൽ അവരെ അടുത്ത വിമാനത്തിൽ ഇവിടേക്കു വരുത്താനറിയാമെന്നും കോടതി പറഞ്ഞു. 24ന് സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ എന്നു മുതൽ നീക്കാൻ തുടങ്ങുമെന്ന് അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനും ദുരന്തനിവാരണ അതോറിറ്റിക്കും നിർദേശം നൽകി. നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കു നിർദേശം നൽകിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹർജികൾ 26 ന് പരിഗണിക്കാൻ മാറ്റി.