ഇന്നും നാളെയും സംസ്ഥാനത്ത് പൊതുസ്ഥല ശുചീകരണം

Mail This Article
തിരുവനന്തപുരം ∙ മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുസ്ഥല ശുചീകരണം ഇന്നും നാളെയും നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദ്ദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ രാജ്യാന്തര സീറോ വേസ്റ്റ് ദിനമായ 30നു നടക്കുന്നതിനു മുന്നോടിയായാണിത്.എല്ലാ പഞ്ചായത്തുകളിലും ഹരിതകർമസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യശേഖരണം നടക്കുന്നുണ്ട്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനുള്ള സംവിധാനങ്ങളും പഞ്ചായത്തുകൾ ഏർപ്പെടുത്തുന്നുണ്ടെന്നു ശുചിത്വ മിഷൻ അറിയിച്ചു. എങ്കിലും നേരത്തേ വലിച്ചെറിയപ്പെട്ടവയിൽ ശേഷിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനാണ് ഇന്നും നാളെയും ജനങ്ങളുടെ കൂടി സഹകരണത്തോടെ മെഗാ ക്ലീനിങ്. ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യുന്ന പ്രദേശങ്ങളിൽ സാധ്യമായ സ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ഓരോ തദ്ദേശസ്ഥാപനങ്ങളും ആവിഷ്കരിക്കും.
മാതൃകാവീടുകൾക്കും പുരസ്‌കാരം
∙ തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണത്തിൽ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നൽകും. മികച്ച വാർഡ്, സ്ഥാപനം, റസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, വായനശാല, പൊതുഇടം, അയൽക്കൂട്ടം, ടൗൺ, വിദ്യാലയം തുടങ്ങിയവയ്ക്കാണു നൽകുക. വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസ്സുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജനകീയ സംഘടനകൾ, പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാരപത്രം നൽകും. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വേസ്റ്റ് ടു ആർട് വിഷയമാക്കി ഇൻസ്റ്റലേഷൻ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്.