ബവ്കോയിൽ വിരമിക്കൽ പ്രായം ഉയർത്താൻ നീക്കം

Mail This Article
തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷൻ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താനൊരുങ്ങുന്നു. പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തണമെന്നു കോർപറേഷന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സർക്കാരിനു ശുപാർശ നൽകി. ഇത് അംഗീകരിച്ചാൽ 3000 ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയരും.
വിദേശമദ്യഷാപ്പുകൾ സർക്കാർ ഏറ്റെടുത്തപ്പോൾ ബവ്കോയിൽ നിയമിക്കപ്പെട്ടവരിൽ ശേഷിക്കുന്ന എണ്ണൂറോളം അബ്കാരി തൊഴിലാളികൾക്കു മാത്രം വിരമിക്കൽ പ്രായം 60 ആണ്. സ്ഥാനക്കയറ്റമില്ലാത്ത ജീവനക്കാർ എന്ന പരിഗണനയിലായിരുന്നു ഇത്. മറ്റു ജീവനക്കാരുടെ ആവശ്യമാണു കഴിഞ്ഞ ബോർഡ് യോഗം അംഗീകരിച്ചത്. ഏതാനും വർഷം മുൻപ് ഇതേ ആവശ്യം ഉയർന്നിരുന്നെങ്കിലും യുവജന സംഘടനകൾ എതിർപ്പുയർത്തിയതിനാൽ ബോർഡ് തള്ളിയിരുന്നു.
ബവ്കോ ആസ്ഥാനത്തു ഭരണവിഭാഗത്തിൽ ജോലി ചെയ്യുന്ന സിഐടിയു യൂണിയൻ നേതാവ് അടുത്ത വർഷം വിരമിക്കാനിരിക്കുകയാണ്. ഇവർക്കു കൂടി സഹായകരമാകുന്നതിനു വേണ്ടി സിഐടിയു യൂണിയനിൽ ചിലരാണു പ്രായം ഉയർത്തുന്നതിനു സമ്മർദം ചെലുത്തിയതെന്നാണു വിവരം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രനാണു യൂണിയൻ പ്രസിഡന്റ്. ഇതിനിടെ, ബവ്കോയിൽ ഒരു വിഭാഗം ജീവനക്കാർ യൂണിയന്റെ പേരു പറഞ്ഞു പണപ്പിരിവ് നടത്തിയെന്നും ഇതിനു പ്രായം ഉയർത്തലുമായി ബന്ധമുണ്ടെന്നും ആരോപിച്ചുള്ള പരാതി വിജിലൻസ് ഡയറക്ടർക്കു ലഭിച്ചു.