രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ്; 35,000 ത്തിനു മുകളിൽ വോട്ടു ലഭിച്ച 60 നിയമസഭാമണ്ഡലങ്ങൾ ലക്ഷ്യം

Mail This Article
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് കെ.സുരേന്ദ്രൻ പതാക രാജീവ് ചന്ദ്രശേഖറിനു കൈമാറി. ഓഫിസ് രേഖകളും ചടങ്ങിൽ നൽകി. സംസ്ഥാന പ്രതിനിധി സമ്മേളനം നടന്ന ഹാളിലേക്കു രാവിലെ മുതൽ പ്രവർത്തകരുടെ ഒഴുക്കായിരുന്നു.
കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ജോർജ് കുര്യൻ, സുരേഷ് ഗോപി, കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എന്നിവർക്കു പിന്നാലെയാണു രാജീവ് ചന്ദ്രശേഖർ എത്തിയത്. പതിവു ജുബ്ബയിലും മുണ്ടിലുമെത്തിയ രാജീവ് ചന്ദ്രശേഖർ ആദ്യം മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കെ.വി.ശ്രീധരൻ, കെ.രാമൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവരിൽനിന്ന് അനുഗ്രഹം തേടി.
സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം ഹോട്ടലിൽ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു. വരുന്ന തിരഞ്ഞെടുപ്പുകളിൽ, കേരളത്തിൽ ബിജെപിക്കു നിലവിലുള്ള 20% വോട്ടിൽനിന്നു 30 ശതമാനത്തിനു മുകളിലേക്ക് വർധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനാണ് നിർദേശം. 40 മണ്ഡലങ്ങളിൽ 30% വോട്ടുപിടിക്കാനുള്ള പ്രവർത്തന രൂപരേഖ തയാറാക്കാനും നിർദേശമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുശതമാനം വിലയിരുത്തി കോർകമ്മിറ്റിയും പ്രഭാരിയും ചേർന്നുണ്ടാക്കിയ പ്രവർത്തന തന്ത്രം ദേശീയ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. 35,000 ത്തിനു മുകളിൽ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റൊരു പദ്ധതിയും തയാറാക്കുന്നുണ്ട്.കഴിവുതെളിയിച്ച പുതിയ നേതാക്കളെ സംസ്ഥാന നേതൃപദവികളിലെത്തിക്കണമെന്നും കൂടുതൽ അവസരം നൽകണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ നിർദേശം. മറ്റ് ഉപാധികളിലൂടെ നേതൃതലത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനോട് അദ്ദേഹം വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.