വിവാദങ്ങൾക്കില്ല, വികസനം മാത്രം: രാജീവ് ചന്ദ്രശേഖർ

Mail This Article
വിവാദങ്ങൾക്കു മറുപടി പറയാനല്ല വരുന്നതെന്നും ബിജെപിയും എൻഡിഎയും സംസാരിക്കുന്നതു കേരളത്തിന്റെ വികസനം മാത്രമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ. ‘വിവാദങ്ങളിൽപെടുത്തി ശ്രദ്ധതിരിക്കാമെന്നു കരുതിയാൽ നടക്കില്ല. നെഗറ്റീവ് പൊളിറ്റിക്സ് സംസാരിച്ച് കേരളത്തിന്റെ യഥാർഥ പ്രശ്നങ്ങളിൽനിന്നു തലയൂരുകയാണ് ഇടതുവലതു മുന്നണികൾ’– രാജീവ് ചന്ദ്രശേഖർ ‘മനോരമ’യോടു പറഞ്ഞു.
Q വിവാദങ്ങൾക്കില്ലെന്നു പറയുമ്പോഴും രാഷ്ട്രീയത്തിൽ ചില മറുപടികൾ വേണ്ടിവരുമല്ലോ? ബിജെപിയും സിപിഎമ്മും തമ്മിൽ ചില ധാരണകൾ ഉരുത്തിരിയുന്നുവെന്നും അതിന്റെ ഭാഗമായാണു നിർമല സീതാരാമനും പിണറായിയും നടത്തിയ ചർച്ചയെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
A ആരാണു പ്രതിപക്ഷം? കേരളത്തിലെ യുഡിഎഫാണോ? അവരും സിപിഎമ്മും ന്യൂഡൽഹിയിൽ ഒരേ മേശയ്ക്കു ചുറ്റും ചായയും ബിസ്കറ്റും കഴിച്ച് ഒരുമിച്ചു കഴിയുന്നവരല്ലേ. ബിജെപിയും സിപിഎമ്മും തമ്മിൽ ബന്ധമെന്നൊക്കെയുള്ള പറച്ചിൽ സൃഷ്ടിക്കുന്നതും അവർതന്നെ.
Q താഴെത്തട്ടിലെ രാഷ്ട്രീയപശ്ചാത്തലമില്ലാതെ, അടിമുടി രാഷ്ട്രീയമുള്ള ഒരു സ്ഥലത്തു ശോഭിക്കാനാകുമോ?
A ഞാൻ 18 വർഷമായി പൊതുപ്രവർത്തനത്തിലുണ്ട്. രാജ്യസഭാംഗമായിരുന്നെങ്കിലും ബെംഗളൂരുവിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു. ബിജെപിയിൽ ഒട്ടേറെ ചുമതലകൾ ഏറ്റെടുത്തു. മഹാരാഷ്ട്രയിലും ഹരിയാനയിലും ന്യൂഡൽഹിയിലുമൊക്കെ തിരഞ്ഞെടുപ്പു ചുമതലയിലും പ്രവർത്തിച്ചു. നല്ല രാഷ്ട്രീയം നാടിന്റെ വികസനത്തിനാണ്. ആ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാമെന്ന ആത്മവിശ്വാസമുണ്ട്.
Q ബിജെപി ഹിന്ദുത്വ പാർട്ടിയെന്ന പേര് ഇപ്പോഴും നിലനിൽക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കു സ്വാധീനമുള്ള കേരളത്തിൽ ഇൗ നിലപാടുകൊണ്ടു മുന്നോട്ടുപോകാൻ കഴിയുമോ?
A നരേന്ദ്ര മോദി സർക്കാരിൽനിന്ന് ഏതെങ്കിലും സമൂഹത്തിനു വേർതിരിവ് ഉണ്ടായെന്നു ചൂണ്ടിക്കാണിക്കാമോ? എല്ലാവരുടെയും പാർട്ടിയാണു ബിജെപിയെന്ന് കേരളവും മനസ്സിലാക്കുന്ന നാളുകൾ വരികയാണ്.
Q എല്ലാ വികസനപദ്ധതിക്കും ബ്രാൻഡിങ് വേണമെന്ന് കേന്ദ്രം വാശിപിടിക്കുന്നതാണു പല പദ്ധതികൾക്കും തടസ്സമെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു.
A കേന്ദ്രപദ്ധതികൾ കൃത്യസമയത്തു നടത്താതെ, പണം വകമാറ്റുകയും ചെലവുകണക്കുകൾ ഹാജരാക്കാതെയുമാണ് സംസ്ഥാന സർക്കാർ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. നൽകുന്ന പണത്തിന് കേന്ദ്രത്തിന്റെ കയ്യിൽ കണക്കുണ്ട്. പക്ഷേ, ചെലവാക്കുന്ന പണത്തിന്റെ കണക്ക് സംസ്ഥാനത്തിന്റെ കയ്യിലില്ല. അതല്ലേ പ്രധാന പ്രശ്നം.
Q ബിജെപി പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിനുവേണ്ടി ചെയ്യാൻ കഴിയുന്നത്?
A പദ്ധതികൾ രാജ്യത്താകമാനം നടപ്പാക്കുന്നതാണല്ലോ. അതു കേരളത്തിൽ എത്തുമ്പോൾ മാത്രം എന്താണു പ്രശ്നം?
നമുക്ക് ഡേറ്റ വച്ചു സത്യസന്ധമായി, സുതാര്യമായി ഇടപെടാം. സംസ്ഥാന സർക്കാരും അതിനു തയാറാകട്ടെ. കേന്ദ്രപദ്ധതികളുടെ ആനുകൂല്യം കേരളത്തിനു പരമാവധി വാങ്ങിയെടുക്കാം.