സ്റ്റാർ ഇല്ലെങ്കിലും ബാർ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഇരുനൂറോളം ഹോട്ടലുകൾക്ക് കേന്ദ്രസർക്കാരിന്റെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാതെ ബാർ ലൈസൻസ് പുതുക്കിനൽകുന്നു. അടുത്ത വർഷത്തേക്കുള്ള ലൈസൻസ് ഈ മാസം 31ന് അകം പുതുക്കാനുള്ള അപേക്ഷകൾ പരിഗണിച്ചപ്പോഴാണ് ഇത്രയേറെ ഹോട്ടലുകൾക്കു ക്ലാസിഫിക്കേഷൻ ഇല്ലെന്ന് എക്സൈസ് വകുപ്പ് കണ്ടെത്തിയത്. എന്നാൽ, ക്ലാസിഫിക്കേഷനുവേണ്ടി കേന്ദ്രത്തിൽ അപേക്ഷിച്ചിട്ടുണ്ടെന്ന കാരണത്താൽ ഇവയ്ക്കെല്ലാം ലൈസൻസ് പുതുക്കിനൽകാനാണു സർക്കാർ തീരുമാനം. 4 വർഷത്തോളമായി ക്ലാസിഫിക്കേഷൻ ഇല്ലാത്തവയും ഇക്കൂട്ടത്തിലുണ്ട്. സർക്കാരിന്റെ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു മാത്രമേ ബാർ ലൈസൻസ് നൽകാൻ പാടുള്ളൂ.
ഇതിനിടെ, പല ബാർ ഹോട്ടലുകളും ക്ലാസിഫിക്കേഷൻ പുതുക്കാനുള്ള പരിശോധനയ്ക്കു തയാറാകുന്നില്ലെന്നു കാണിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിന്റ് ഡയറക്ടർ കത്തയച്ചു. സർക്കാരിനെ കബളിപ്പിച്ചു ബാർ ലൈസൻസ് സംഘടിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് എക്സൈസ് കമ്മിഷണർക്കുള്ള കത്ത്.5 വർഷത്തിലൊരിക്കലാണു സ്റ്റാർ ക്ലാസിഫിക്കേഷൻ പുതുക്കുന്നത്. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഹോട്ടലിൽ പരിശോധന നടത്തി തീരുമാനമെടുക്കും. പരിശോധനയ്ക്കു തീയതി നിശ്ചയിക്കുമ്പോൾ ഹോട്ടലുടമകൾ സമയം നീട്ടാൻ ആവശ്യപ്പെടുന്നെന്നാണ് 23 ഫോർ സ്റ്റാർ ഹോട്ടലുകളുടെ പട്ടിക സഹിതം കേന്ദ്രം അറിയിച്ചത്. ഇവ ബാർ ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുമ്പോൾ ഈ പശ്ചാത്തലം കണക്കിലെടുക്കണമെന്നാണു കത്തിലെ ആവശ്യം.
ഈ 23 ഹോട്ടലുകൾക്കു ബാർ ലൈസൻസ് പുതുക്കിനൽകരുതെന്ന് എക്സൈസ് കമ്മിഷണർ ജില്ലാ മേധാവികൾക്കു നിർദേശം നൽകിയെങ്കിലും പുതുക്കാൻ സമ്മർദം ശക്തമാണ്.സ്റ്റാർ ക്ലാസിഫിക്കേഷന് ആവശ്യമായ സൗകര്യമില്ലാത്തതിനാൽ അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയിലാണു ഹോട്ടലുടമകൾ പരിശോധന നിരുത്സാഹപ്പെടുത്തുന്നതെന്നാണു വിവരം. ജോയിന്റ് ഡയറക്ടർ ചൂണ്ടിക്കാട്ടിയതടക്കം ഇരുനൂറോളം ഹോട്ടലുകൾ ‘പരിശോധനയ്ക്കുവേണ്ടി കാത്തിരിക്കുന്നു’ എന്ന പേരിലാണ് മുൻ വർഷങ്ങളിൽ എക്സൈസിൽനിന്നു ബാർ ലൈസൻസ് സ്വന്തമാക്കിയത്. ഒരു വർഷത്തിനകം ക്ലാസിഫിക്കേഷൻ നേടണമെന്ന നിബന്ധനയിലാണു ലൈസൻസ് പുതുക്കിയതെന്ന് എക്സൈസ് വിശദീകരിക്കുന്നു.