സ്കൂട്ടർ യാത്രികയായ കോളജ് അധ്യാപിക ലോറി ഇടിച്ചു മരിച്ചു

Mail This Article
പെരുമ്പാവൂർ ∙ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചു തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ് അസോഷ്യേറ്റ് പ്രഫസർ അല്ലപ്ര ആർദ്രം വീട്ടിൽ ഡോ. എം. രഞ്ജിനി (50) മരിച്ചു. ഇന്നലെ രാവിലെ എംസി റോഡിൽ കാഞ്ഞിരക്കാട് എവറസ്റ്റ് വേ ബ്രിജിനു സമീപമായിരുന്നു അപകടം. കാലടി സംസ്കൃത സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് യോഗത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുമ്പോൾ മണ്ണു കയറ്റി വരികയായിരുന്ന ടിപ്പർ ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.
റോഡിൽ വീണ അധ്യാപികയുടെ ദേഹത്തു കൂടി ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. അപകടം നടന്നയുടനെ കടന്നുകളഞ്ഞ ലോറി ഡ്രൈവർ കോതമംഗലം ഉരുളൻതണ്ണി പിണവൂർകുടി പടപ്പനത്തു വീട്ടിൽ പി.എസ്. ഗിരീഷ്കുമാറിനെ(38) പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു. വേദാന്തം അധ്യാപികയായ ഡോ. രഞ്ജിനി തിരുവനന്തപുരം ആയുർവേദ കോളജിലും തൃപ്പൂണിത്തുറ ആയുർവേദ കോളജിലും പാലക്കാട് ഗവ. ഹൈസ്കൂളിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം, എകെജിസിടിഎ യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പ്രഭാഷകയുമാണ്. കണ്ണൂർ കൂന്നുർ മന കുടുംബാംഗമാണ്. സംസ്കാരം ഇന്നു രാവിലെ 11നു മലമുറി ശാന്തി വനത്തിൽ. ഭർത്താവ്: ഡോ. കെ.എം. സംഗമേശൻ (സംസ്കൃത സർവകലാശാല അധ്യാപകൻ) മക്കൾ: ആർദ്ര (സിവിൽ സർവീസ് വിദ്യാർഥിനി, തിരുവനന്തപുരം), ഭദ്ര ( പ്ലസ് ടു വിദ്യാർഥിനി ),ചന്ദ്ര (നാലാം ക്ലാസ് വിദ്യാർഥിനി).