എമ്പുരാൻ: ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം; എവിടെയായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ ?

Mail This Article
തിരുവനന്തപുരം ∙ എമ്പുരാൻ സിനിമയുടെ സെൻസറിങ്ങിൽ വീഴ്ച പറ്റിയതായി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിലെ ചില പരാമർശങ്ങൾ മാറ്റാൻ നോമിനേറ്റ് ചെയ്ത സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു വിമർശനം. ആർഎസ്എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം.
അതേസമയം, എമ്പുരാൻ സിനിമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാൻ കഴിയണമെന്നു പ്രതികരിച്ച എം.ടി.രമേശിനെയും സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ ഗ്രൂപ്പുകൾ വിമർശിച്ചു.സിനിമയ്ക്കെതിരെ പ്രചാരണമില്ലെന്നും നടക്കുന്നതു വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നുമുള്ള ബിജെപി കോർകമ്മിറ്റി നിലപാട് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു കഴിഞ്ഞും ആർഎസ്എസിന്റെ ദക്ഷിണേന്ത്യാ വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാർ എതിരെ സമുഹമാധ്യമത്തിൽ കുറിപ്പിട്ടു.
ചർച്ചചെയ്തിട്ടില്ലെന്ന് പി. സുധീർ
കോർ കമ്മിറ്റിയോഗത്തിൽ എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ചചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ അറിയിച്ചു. ചർച്ച നടന്നുവെന്നു മാധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.