‘കൊടിച്ചിപ്പട്ടി’ പ്രയോഗം സ്ത്രീവിരുദ്ധം; താൻ പറയാറില്ലെന്ന് എം.വി.ഗോവിന്ദൻ

Mail This Article
തളിപ്പറമ്പ് (കണ്ണൂർ) ∙ കൊടിച്ചിപ്പട്ടിയുടെ വിലപോലും ഉണ്ടാവില്ലെന്ന, പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. താനും മുൻപൊക്കെ ഇത്തരത്തിൽ പ്രസംഗിച്ചിട്ടുണ്ടെന്നും ഇപ്പോൾ പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിലെ വീടുകളുടെ താക്കോൽ കൈമാറ്റം ഉദ്ഘാടനം ചെയ്യുന്നതിനിടെ കറുപ്പിനെച്ചൊല്ലിയുള്ള വിവാദം പരാമർശിച്ചാണ് ഗോവിന്ദന്റെ പ്രതികരണം.
ഇത്തരം പ്രയോഗങ്ങളൊക്കെ മാറ്റണം. നായ പ്രധാനപ്പെട്ട ജീവിയാണ്. പ്രത്യേക ഇനത്തിൽപെട്ട ഒരു നായയുടെ വില 6 കോടി രൂപയെന്നാണ് അറിഞ്ഞത്. 150- 200 കിലോഗ്രാം തൂക്കമുള്ള നായയെ ഇടുക്കിയിൽ കണ്ടിട്ടുണ്ട്. എല്ലാം വെളുപ്പായിരിക്കണമെന്നാണ് ചിലർ പറയുന്നത്. വെളുപ്പില്ലാതെ കറുപ്പ് ഉണ്ടാവില്ല. രാവില്ലാതെ പകലും പകലില്ലാതെ രാവും ഉണ്ടാവില്ല. സൗന്ദര്യത്തിന്റെ ലക്ഷണം വെളുപ്പാണെന്നാണ് നമ്മളൊക്കെ ധരിച്ചു വച്ചിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.