നിറം ജാതി വേർതിരിവ് കുടുംബശ്രീയിലും: ശാരദ മുരളീധരൻ

Mail This Article
കോഴിക്കോട് ∙ നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അന്തരം കുടുംബശ്രീയിലും ഉണ്ടായിരുന്നെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ‘കണക്കെടുത്തപ്പോൾ കുടുംബശ്രീയിൽ 5 ശതമാനമായിരുന്നു പട്ടികജാതിക്കാരുണ്ടായിരുന്നത്. പട്ടിക വർഗക്കാർ വളരെ കുറവും. ഈ വിഭാഗങ്ങളിൽ നിന്ന് സിഡിഎസ് ചെയർപഴ്സനായി വരുന്നവരുടെ എണ്ണം വട്ടപ്പൂജ്യമായിരുന്നു’– കിർത്താഡ്സിലെ ഗോത്രസാഹിത്യോത്സവത്തിലെ ‘കുടുംബശ്രീ ശാരദ’ എന്ന സംവാദത്തിനിടെ ശാരദ മുരളീധരൻ പറഞ്ഞു.
‘ഒരിക്കൽ കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സിഡിഎസിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ യോഗം നിയന്ത്രിച്ചിരുന്നത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. സിഡിഎസ് ചെയർപഴ്സൻ എവിടെപ്പോയി എന്നു ചോദിച്ചപ്പോൾ ചായ കൊണ്ടുവരാൻ പോയെന്ന മറുപടിയാണു ലഭിച്ചത്. എന്നാൽ, പിന്നീട് അതിൽ നിന്നെല്ലാം മാറ്റമുണ്ടായിട്ടുണ്ട്’– ശാരദ പറഞ്ഞു.
കറുപ്പിൽ അഹങ്കരിക്കുന്നതിലേക്ക് നമ്മുടെ പൊതുബോധം മാറ്റിയെടുക്കണം. വ്യക്തിക്കല്ല, മറിച്ച് സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടത്. കറുപ്പിനെ ഞങ്ങൾ ആഘോഷിക്കുകയാണെന്നാണ് ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടായപ്പോൾ മകൾ കുറിച്ചതെന്നും ശാരദ പറഞ്ഞു.ജാതീയതയെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് കേരളത്തിലാണെന്ന് സംവാദത്തിൽ പങ്കെടുത്ത ബിന്ദു അമ്മിണി പറഞ്ഞു. രജനീഷ് മോഡറേറ്ററായി.