കണക്കുകൾ പോസിറ്റീവ്; സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ കുറയുന്നു

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു കണക്ക്. 2006 ൽ 3972 പേർക്കു സ്ഥിരീകരിച്ചതാണ് 20 വർഷത്തിനിടയിലെ ഉയർന്ന കണക്ക്. അന്ന് 1.5 ലക്ഷം പേരെയാണു പരിശോധിച്ചത്. 2012 മുതൽ രണ്ടായിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണു പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സംസ്ഥാനത്തു പ്രതിമാസം ശരാശരി 100 പേർ എച്ച്ഐവി പോസിറ്റീവ് ആകുന്നു. ഇതിലേറെയും അതിഥിത്തൊഴിലാളികളാണെന്ന് കെഎസ്എസിഎസ് പ്രോജക്ട് ഡയറക്ടർ ഡോ.ആർ.ശ്രീലത പറഞ്ഞു. ലഹരി ഉപയോഗമാണ് എച്ച്ഐവി വ്യാപിക്കാൻ ഇടയാക്കുന്നത്. അതേസമയം, നിരന്തര ബോധവൽക്കരണം കാരണം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയതോടെ ലൈംഗിക തൊഴിലാളികളിലെ എച്ച്ഐവി ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ഏറെയും പുരുഷന്മാർ
വർഷം, പരിശോധന നടത്തിയവരുടെ എണ്ണം, പോസിറ്റീവ്, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ എന്ന ക്രമത്തിൽ:
2021– 10.06 ലക്ഷം, 866, 600, 260, 6
2022 – 12.84 ലക്ഷം, 1126, 799, 321, 6
2023 – 16.87 ലക്ഷം, 1270, 977, 283, 10
2024*: 19.20 ലക്ഷം, 1065, 805, 258, 2
*ഒക്ടോബർ വരെ
എച്ച്ഐവി പകരുന്നത് 4 മാർഗങ്ങളിലൂടെ
ലൈംഗിക ബന്ധം, ഒരേ സൂചി ഒന്നിലധികം പേർ ഉപയോഗിക്കുന്നത്, രക്തദാനം, അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ 4 മാർഗങ്ങളിലൂടെയല്ലാതെ രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെ എച്ച്ഐവി പകരില്ല.
വളാഞ്ചേരിയിൽ വ്യാപക പരിശോധന
മലപ്പുറം ∙ സിറിഞ്ച് പങ്കിട്ടതിനെത്തുടർന്ന് എച്ച്ഐവി പോസിറ്റീവായവരുമായി ബന്ധമുള്ള 2 പേർകൂടി ഇന്നലെ എച്ച്ഐവി പരിശോധനയ്ക്കെത്തി. 2 പേരും നെഗറ്റീവാണ്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ക്യാംപിൽ 70 പേരെ പരിശോധിച്ചു.നിലവിൽ പോസിറ്റീവെന്നു കണ്ടെത്തിയ 10 പേർക്കും ലഹരി ഉപയോഗത്തിലൂടെ മാത്രമാണ് എയ്ഡ്സ് പകർന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. പോസിറ്റീവായ 10 പേരിൽ 2 പേർ മാത്രമാണു വിവാഹിതർ. ഇവരുടെ പങ്കാളികളുടെ പരിശോധനാഫലം നെഗറ്റീവാണ്.