ആശമാർക്ക് അധിക വേതനം: തീരുമാനം തദ്ദേശ സ്ഥാപനങ്ങൾക്കുവിട്ട് കോൺഗ്രസ്

Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാ വർക്കർമാർക്ക് അധിക വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ പാർട്ടി നടത്തിയ തയാറെടുപ്പ് അവസാനനിമിഷം മാറ്റി. പാർട്ടിയുടെ തദ്ദേശസ്ഥാപന വിഭാഗമായ രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന, വേതനവർധന ശുപാർശ ചെയ്ത് കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് നൽകിയെങ്കിലും വിശദചർച്ച ആവശ്യമാണെന്നുകാട്ടി നീക്കം മരവിപ്പിച്ചു. പാർട്ടിയുടെ ഒൗദ്യോഗിക തീരുമാനം എന്ന നിലയിലല്ലാതെ, സാധ്യമായ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വേതനം വർധിപ്പിക്കുന്നതാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റിൽ വേതന വർധന പ്രഖ്യാപിച്ചു.
നിലവിൽ ഏതാണ്ട് 350 തദ്ദേശ സ്ഥാപനങ്ങളിലാണ് കോൺഗ്രസ് ഭരണത്തിലുള്ളത്. ഇത്രയും സ്ഥാപനങ്ങളിൽ വേതനം വർധിപ്പിക്കുമെന്ന പ്രഖ്യാപനം അപ്രായോഗികമാണെന്നും നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയാകുമെന്നുമാണു പാർട്ടിയുടെ വിലയിരുത്തൽ. ആശമാർക്കു പുറമേ അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ, ഉച്ചഭക്ഷണം തയാറാക്കുന്നവർ, വാർഡ് ഹെൽത്ത് സാനിറ്റേഷൻ ജീവനക്കാർ എന്നിവർക്കും വേതനം ഉയർത്തണമെന്ന ശുപാർശയോടെയാണ് സംഘടന ചെയർമാൻ എം.മുരളി പാർട്ടി നേതൃത്വത്തിനു റിപ്പോർട്ട് കൈമാറിയത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, വേതനവർധന രാഷ്ട്രീയമായി കോൺഗ്രസിനു ഗുണം ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
എന്നാൽ, പല തദ്ദേശ സ്ഥാപനങ്ങളിലും ഘടകകക്ഷികളുമായി ചേർന്നാണു ഭരണമെന്നതിനാൽ, മുന്നണിയിൽ കൂട്ടായ ചർച്ചയില്ലാതെ തീരുമാനമെടുക്കാനാകില്ലെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നു. വേതനവർധനയ്ക്കുള്ള ഫണ്ട് എവിടെനിന്നു കണ്ടെത്തുമെന്നുള്ള ചോദ്യവുമുണ്ടായി. ഇതോടെയാണ് പ്രാദേശികമായി തീരുമാനമെടുക്കട്ടെ എന്ന നിലപാട് തൽക്കാലം സ്വീകരിച്ചിരിക്കുന്നത്.