മുനമ്പം കമ്മിഷൻ: സർക്കാരിന്റെ ഹർജി ഇന്നു പരിഗണിക്കും

Mail This Article
കൊച്ചി ∙ മുനമ്പം ഭൂമി വിഷയത്തിൽ നിയമിച്ച ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കുന്നതു ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതു റദ്ദാക്കിയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കമ്മിഷന്റെ കാലാവധി അടുത്ത മാസം 27നു തീരുമെന്നും അതിനാൽ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്നും സർക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും വ്യക്തമാക്കി. റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ നിലവിൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അന്വേഷണ കമ്മിഷനെ നിയമിച്ചത് യാന്ത്രികമായും കൃത്യമായി മനസ്സിരുത്താതെയുമാണെന്നു വിലയിരുത്തിയാണു സിംഗിൾ ബെഞ്ച് കമ്മിഷൻ നിയമനം റദ്ദാക്കിയത്.