വഖഫ് ബിൽ: ലീഗ് പോരാട്ടം തുടരും; പ്രതികരണങ്ങൾ കരുതലോടെ

Mail This Article
മലപ്പുറം ∙ വഖഫ് ഭേദഗതി ബില്ലിനെ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗിച്ച് എതിർക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും പ്രതികരണങ്ങൾ കരുതലോടെ മതിയെന്ന് ലീഗ് നേതൃത്വത്തിൽ ധാരണ. ബില്ലിനെ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആയുധമായി ബിജെപി ഉപയോഗിക്കുമെന്ന ബോധ്യം പാർട്ടിക്കുണ്ട്. അതിനെ സഹായിക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾ വേണ്ടെന്നാണു തീരുമാനം. മുനമ്പം വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിൽ സംസ്ഥാന സർക്കാരിനു രഹസ്യ അജൻഡയുണ്ടെന്നു ലീഗ് നേരത്തേ ആരോപിക്കുന്നതാണ്. വഖഫ് ബില്ലിനെ എതിർക്കുന്നതിനൊപ്പം മുനമ്പം വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി തുറന്നുകാട്ടാനും ലീഗ് ശ്രമിക്കും. മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാട് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ആവർത്തിച്ചു.
ബിജെപി, സിപിഎം അജൻഡയ്ക്ക് നിന്നുകൊടുക്കില്ല
ഭരണഘടനാ വിരുദ്ധമെന്ന വാദമുയർത്തി വഖഫ് ബില്ലിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. അതേസമയം, ഇക്കാര്യത്തിൽ ബിജെപിയുടെയും സിപിഎമ്മിന്റെയോ രാഷ്ട്രീയ അജൻഡകൾക്കു നിന്നുകൊടുക്കില്ല. വഖഫ് ബില്ലിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുന്നതിലും പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിലും കോൺഗ്രസ് ആത്മാർഥ ശ്രമം നടത്തിയെന്ന വിലയിരുത്തലാണു ലീഗിനുള്ളത്. കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചർച്ചയിലെ ഇടപെടൽ ന്യൂനപക്ഷത്തിന്റെ ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭയിലെ അസാന്നിധ്യത്തിലേക്കു ചർച്ച കേന്ദ്രീകരിക്കുന്നതിനു പിന്നിൽ ചിലരുടെ രാഷ്ട്രീയ അജൻഡ ലീഗ് കാണുന്നു.
മുനമ്പം: സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം തുറന്നുകാട്ടും
മുനമ്പം വിഷയം പരിഹരിക്കുന്നതിനു ലീഗ് പലതലത്തിൽ ശ്രമം നടത്തിയിരുന്നു. ക്രിസ്ത്യൻ സഭാ നേതൃത്വവുമായി സാദിഖലി തങ്ങളുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ പലവട്ടം ചർച്ച നടത്തി. മുനമ്പത്തെ താമസക്കാരെ സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരത്തിനു സമുദായത്തിനകത്ത് അഭിപ്രായഐക്യമുണ്ടാക്കാനും പാർട്ടി മുന്നിൽനിന്നു. ഇത്തരം ശ്രമങ്ങൾ തുടരുന്നതിനിടെ, മുനമ്പത്തിന്റെ പേരിൽ ചില സംഘടനകൾ വഖഫ് ബില്ലിനെ അനുകൂലിച്ചതു ലീഗിനെ നിരാശരാക്കിയിട്ടുണ്ട്. എങ്കിലും, പ്രശ്നപരിഹാരത്തിനു വിവിധതലങ്ങളിൽ ചർച്ച തുടരാൻ തന്നെയാണു തീരുമാനം. ക്രിസ്ത്യൻ വിഭാഗങ്ങളുമായി ആശയവിനിമയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും അതു പരിഹരിക്കപ്പെടുമെന്നുമായിരുന്നു എം.കെ.മുനീറിന്റെ പ്രതികരണം. മുനമ്പത്ത് പരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിൽ സംസ്ഥാന സർക്കാരിനുള്ള രാഷ്ട്രീയ ലക്ഷ്യം ഇതോടൊപ്പം തുറന്നുകാട്ടും. മുനമ്പം വിഷയത്തിൽ ആദ്യഘട്ടത്തിൽ നേതാക്കളുടെ പരസ്യപ്രതികരണം പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായമുണ്ടെന്ന പ്രതീതിക്കു കാരണമായിരുന്നു. അത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാനാണു പാർട്ടി നിലപാടു വ്യക്തമാക്കി ഇന്നലെത്തന്നെ സാദിഖലി തങ്ങൾ രംഗത്തു വന്നത്.