ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

തിരുവനന്തപുരം∙ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വെട്ടിലാക്കി വീണാ വിജയനെതിരായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. സേവനം ഒന്നും നല്‍കാതെ വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

സിഎംആര്‍എൽ, എംപവര്‍ ഇന്ത്യ എന്നീ കമ്പനികളിൽനിന്നാണ് വീണയും എക്‌സാലോജിക് കമ്പനിയും പണം കൈപ്പറ്റിയിരിക്കുന്നതെന്ന് എസ്എഫ്‌ഐഒ വ്യക്തമാക്കുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ ചെയ്യപ്പെടുന്നുവെന്ന അപൂര്‍വത തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരിഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രതിപക്ഷകക്ഷികള്‍ ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റുമെന്ന് ഉറപ്പാണ്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനി നല്‍കാത്ത സേവനത്തിന് പ്രതിഫലം കൈപ്പറ്റിയെന്ന ഇൻകംടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിനു തിരികൊളുത്തത്. 2017-2020 കാലയളവിലാണ് സിഎംആര്‍എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. വീണയ്ക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്പനി പണം നല്‍കിയതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

2023 ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്നും ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ഇൻകംടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചത്. തുടര്‍ന്ന് ഈ വിഷയത്തില്‍ സിഎംആര്‍എലിനോടു സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

1.72 കോടിക്കു പുറമേ വീണയുടെ കമ്പനിക്ക് വേറെയും തുക ലഭിച്ചതായി മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചതോടെ രാഷ്ട്രീയ യുദ്ധത്തിനു കളമൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിവിധ കക്ഷികളിലെ നേതാക്കള്‍ക്കു സിഎംആര്‍എല്‍ പണം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു കളമശേരി സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഓഗസ്റ്റ് 26ന് ഹര്‍ജി തള്ളി.

ഒക്‌ടോബറില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. വീണയുടെ കമ്പനിയായ എക്‌സാലോജിക്, കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2024 ജനുവരിയിലാണ് എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആര്‍എലും എക്‌സാലോജിക് കമ്പനിയും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) റിപ്പോര്‍ട്ട് നല്‍കി. 

പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷിക്കേണ്ട കുറ്റകൃത്യമാണെന്നും കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ബെംഗളൂരു ആര്‍ഒസി വ്യക്തമാക്കിയിരുന്നു. എക്‌സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള വിവാദ ഇടപാടുകളില്‍ കെഎസ്‌ഐഡിസി നേരിട്ടു കക്ഷിയാണെന്നും റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.. സിഎംആര്‍എലില്‍ 13.4% ഓഹരിപങ്കാളിത്തമുള്ള കെഎസ്‌ഐഡിസിക്ക് തീര്‍ച്ചയായും സിഎംആര്‍എലിന്റെ ഇടപാടുകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമ്പനികള്‍ കോടതി കയറിയതോടെ നിയമയുദ്ധത്തിനും തുടക്കമായി. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ കെഎസ്‌ഐഡിസി 25 ലക്ഷം രൂപ ചെലവിട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.എസ്. വൈദ്യനാഥനെ ഹൈക്കോടതിയില്‍ എത്തിച്ചു. 2024 ജനുവരി 31-നാണ് വീണയുടെ കമ്പനിയുടെ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ വിപുലമായ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിനു (എസ്എഫ്‌ഐഒ) കൈമാറുന്നത്. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്‌ഐഒ. 

അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് ഫെബ്രുവരിയില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകള്‍ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് എസ്എഫ്‌ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളില്‍നിന്നു ചെയ്യാത്ത സേവനത്തിനു വന്‍ തുകകള്‍ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ  2024 മാര്‍ച്ചില്‍ നോട്ടിസ് അയച്ചു.

ഇതിനിടെ എക്‌സാലോജിക്കും സിഎംആര്‍എല്‍  അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി. കെഎസ്‌ഐഡിസിക്കും ഓഹരി പങ്കാളിത്തം ഉള്ളതിനാല്‍ സിഎംആര്‍എല്‍ അനധികൃത പണമിടപാടു നടത്തുന്നതു പൊതു ഖജനാവില്‍ നിന്നു പണം കൊള്ളയടിക്കുന്നതിനു തുല്യമാണെന്നു റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഹൈക്കോടതിയെ അറിയിച്ചു. എസ്എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ എക്‌സാലോജിക് ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ ജഡ്ജി സ്ഥലം മാറിപ്പോയതോടെ വീണ്ടും വാദം കേള്‍ക്കേണ്ട നിലയാണുള്ളത്. അതേസമയം തുടര്‍നടപടി റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാതെ വന്നതോടെയാണ് എസ്എഫ്‌ഐഒ അതിവേഗത്തില്‍ നീക്കം നടത്തിയത്.

English Summary:

CMRL-Exalogic Case: Veena Vijayan Faces Prosecution for Alleged Financial Irregularities, Putting Pinarayi Vijayan and the CPM in a Difficult Position.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com