വാക്സിനേഷൻ: കോവിൻ ആപ്പിൽ റജിസ്ട്രേഷൻ ഇങ്ങനെ – വിഡിയോ
Mail This Article
കോട്ടയം∙ 60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. കോവിൻ (https://www.cowin.gov.in, https://selfregistration.cowin.gov.in/register) പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം. പോർട്ടലോ ആപ്പോ വഴിയല്ലാതെ, നേരിട്ട് വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റർ ചെയ്യാനും പിന്നീടു സൗകര്യമൊരുക്കും.
റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
റജിസ്ട്രേഷൻ സമയത്ത് ഫോട്ടോ തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. ഒടിപി (വൺ ടൈം പാസ്‌വേഡ്) പരിശോധനയുമുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാം. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. സംസ്ഥാനത്തെ 395 സ്വകാര്യ ആശുപത്രികളിലും 250 രൂപ നിരക്കിൽ വാക്‌സീനെടുക്കാൻ സൗകര്യമുണ്ട്.
ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്ക് ചെയ്യാം. റജിസ്റ്റർ ചെയ്തവർക്കായി അക്കൗണ്ട് ഉണ്ടാകും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചു 4 പേരെ റജിസ്റ്റർ ചെയ്യാം. ഓരോരുത്തരുടെയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം.
കുത്തിവയ്പ് എടുക്കുന്നതു വരെ റജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ് കാര്യങ്ങളിൽ തിരുത്തൽ വരുത്താനും സൗകര്യമുണ്ട്. റജിസ്ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും. മൊബൈലിൽ എസ്എംഎസും ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.
English Summary: Covid vaccination: How to register in Cowin App