വാക്സീനെടുക്കുന്ന നഴ്സുമാർക്ക് ടെൻഷൻ; രാഷ്ട്രീയക്കാരെപ്പറ്റി തമാശ പൊട്ടിച്ച് മോദി
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷന് എയിംസിലെത്തിയപ്പോൾ ആശുപത്രി ജീവനക്കാരുടെ ടെൻഷൻ മാറ്റാൻ തമാശ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 6.30ന് എയിംസിൽ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കടന്നപ്പോൾ അവിടെയുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്കു വിവിഐപി വന്നതിലെ സമ്മർദമുണ്ടെന്നു മനസ്സിലാക്കിയപ്പോഴായിരുന്നു മോദിയുടെ നർമ സംഭാഷണം.
ആശുപത്രി ജീവനക്കാരോടു പേരും നാടുമെല്ലാം മോദി ചോദിച്ചറിഞ്ഞു. തനിക്കു കുത്തിവയ്പ്പെടുക്കാൻ ചുമതലപ്പെട്ട നഴ്‌സ് നിവേദയോട്, വെറ്ററിനറി ആവശ്യങ്ങൾക്കായുള്ള സൂചി ഉപയോഗിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഇല്ലെന്നു പറഞ്ഞെങ്കിലും ചോദ്യം പൂർണമായി അവർക്കു മനസ്സിലായില്ല. അപ്പോൾ, രാഷ്ട്രീയക്കാർ വളരെ തൊലിക്കട്ടിയുള്ളവരാണെന്നും അതിനാൽ തനിക്കായി പ്രത്യേക സൂചി ഉപയോഗിക്കാൻ പദ്ധതിയുണ്ടോയെന്നും അദ്ദേഹം വിശദമായി ചോദിച്ചു. ഇതുകേട്ടപ്പോൾ നഴ്‌സും കൂടെയുള്ളവരും ചിരിച്ചു.
വാക്‌സീൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ‘തീർന്നോ? എനിക്ക് ഒന്നും തോന്നിയില്ല’ എന്നു പറഞ്ഞതായും നഴ്‌സ് നിവേദ ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘എയിംസിൽനിന്നു കോവിഡ് വാക്സീൻ സ്വീകരിച്ചു. കോവിഡിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിനു നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചെന്നതു ശ്രദ്ധേയമാണ്. വാക്സീൻ എടുക്കാൻ അർഹരായ എല്ലാവരോടും അഭ്യർഥിക്കുന്നു’– മോദി പിന്നിടു ട്വീറ്റ് ചെയ്തു.
English Summary: How PM Modi used humour to lighten up atmosphere during Covid-19 vaccination