മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ; വിയോജിച്ച് വി.ഡി.സതീശൻ

Mail This Article
തിരുവനന്തപുരം∙ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഇതിനായി ചേർന്ന യോഗത്തിൽ, മണികുമാറിനെ പരിഗണിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിയോജിപ്പ് രേഖപ്പെടുത്തി. വിശദമായ വിയോജനക്കുറിപ്പ് സർക്കാരിനു കൈമാറും.
സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ തടസ്സമില്ല. ഏപ്രിൽ 24നാണ് എസ്.മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. എസ്.മണികുമാറിന് സംസ്ഥാന സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയതിനെതിരെ പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു. ആദ്യമായാണ് സംസ്ഥാന സർക്കാർ, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രയപ്പ് നൽകിയത്.
English Summary: Justice S.Manikumar appointed as Kerala State Human Rights Commission Chairman