ADVERTISEMENT

ജറുസലം∙ ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് ഹോളിവുഡ് നടി ആഞ്ജലീന ജോളി അടുത്തിടെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് ഇസ്രയേൽ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ‌‌ ആഞ്ജലീന ജോളി ഇതുവരെ ഗാസ സന്ദർശിച്ചിട്ടില്ലെന്നും ഇസ്രയേലികൾക്ക് അവരുടെ പക്ഷം പറയാനുള്ള അവസരം ആഞ്ജലീന നൽകുന്നില്ലെന്നും ഐസക് ഹെർസോഗ് പറഞ്ഞു.

‘‘അവരുടെ അവകാശവാദങ്ങൾ ഞാൻ പൂർണ്ണമായി നിരസിക്കുന്നു. അവർ ഒരിക്കലും ഗാസയിൽ പോയിട്ടില്ലെന്ന് ഞാൻ കരുതുന്നു, അവിടുത്തെ വസ്തുതകൾ കാണാനും അറിയാനും. ഗാസയിൽ ഇപ്പോൾ യുദ്ധമുണ്ട്, പക്ഷേ അതിജീവിക്കാൻ സാധിക്കാത്ത മാനുഷിക പ്രതിസന്ധികളൊന്നുമില്ല.’’– ഇസ്രയേൽ പ്രസിഡന്റ് പറഞ്ഞു.

‘‘ഗാസ ഒരു ജയിലായത് ഇസ്രയേൽ കാരണമല്ല. ഗാസയിൽ നിന്ന് ഇസ്രയേൽ പിന്മാറി. ഗാസ ഭീകരത നിറഞ്ഞ ഇറാനിയൻ താവളമാണ്. മാന്യമായ ഒരു നല്ല ജീവിതം അർഹിക്കുന്ന ഗാസൻ ജനതയ്ക്ക്, സമാധാനത്തിലേക്കുള്ള മുന്നേറ്റം സാധ്യമാക്കുന്ന മറ്റൊരു ഭരണത്തിൻകീഴിൽ അത് ആസ്വദിക്കാൻ ഈ യുദ്ധത്തിന്റെ അനന്തരഫലം പ്രാപ്തമാക്കും. തീർച്ചയായും സാധാരണ ജനങ്ങൾ കുറ്റക്കാരല്ല. അവരെ കുറ്റപ്പെടുത്തേണ്ടതില്ലെങ്കിൽ ഭീകരരെ പിഴുതെറിയാൻ ഇസ്രയേലിനെ അനുവദിക്കുക.’’– ഹെർസോഗ് കൂട്ടിച്ചേർത്തു.

അടുത്തിടെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇസ്രയേൽ വിരുദ്ധ നിലപാടിനെക്കുറിച്ച് ആഞ്ജലീന ജോളി പോസ്റ്റ് ചെയ്തിരുന്നു. അഭയാർഥികളെ സഹായിക്കാൻ ഐക്യരാഷ്ട്രസംഘടനയുമായി ചേർന്ന് പ്രവർത്തിച്ച അനുഭവം പരാമർശിക്കവേ,‘‘ഏതു സന്ദർഭത്തിലും അക്രമം മൂലം കുടിയിറക്കപ്പെട്ട ആളുകൾക്കൊപ്പമാണ് എന്റെ മനസ്സ്’’ എന്ന് ആഞ്ജലീന പറഞ്ഞു.

‘‘ഇസ്രയേലിൽ സംഭവിച്ചത് ഒരു ഭീകരപ്രവർത്തനമാണ്. എന്നാൽ പോകാൻ ഒരിടവുമില്ലാത്ത, ഭക്ഷണമോ വെള്ളമോ ലഭ്യമല്ലാത്ത, ഒഴിപ്പിക്കാനുള്ള സാധ്യതയില്ലാത്ത, അഭയം തേടി അതിർത്തി കടക്കാനുള്ള മനുഷ്യാവകാശം പോലുമില്ലാത്ത ഗാസയിലെ സാധാരണ ജനവിഭാഗത്തിന് നേരെ ബോംബെറിഞ്ഞ് നിരപരാധികളുടെ ജീവനെടുക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ഇസ്രയേലിന്റെ വ്യോമാക്രമണത്തിന്റെ ഫലമായി ഗാസ ഒരു ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പലസ്തീൻ സിവിലിയന്മാർ - കുട്ടികൾ, സ്ത്രീകൾ, കുടുംബങ്ങൾ - കൂട്ടമായി ശിക്ഷിക്കപ്പെടുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്.’’– ആഞ്ജലീന കുറിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ അടുത്തിടെ നടത്തിയ ആക്രമണത്തിന്റെ ചിത്രം സഹിതമായിരുന്നു ആഞ്ജലീനയുടെ പോസ്റ്റ്.

English Summary:

"Totally Reject Her Claims": Israel President Slams Angelina Jolie For Comments On Gaza War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com