ADVERTISEMENT

തൃശൂർ∙ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കിൽ ഇപ്പോഴത്തെ ബാലൻസ്.

ഇഡിയുടെ പരിശോധനയ്ക്കു പിന്നാലെ ബാങ്കിൽ ഇന്നലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം  ഒന്നും ഒളിപ്പിക്കാനില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പ്രതികരണം. ‘‘ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ല.’’– എം.എം. വർഗീസ് വ്യക്തമാക്കി.

കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിൽ നിന്ന് ആദായനികുതി വകുപ്പ് മൊഴി എടുത്തിരുന്നു. തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കുകളിലും ആദായനികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു. 

English Summary:

Income Tax Department Targets CPM's Thrissur Committee Account Amid Financial Scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com