‘പാൻ നമ്പർ ബാങ്ക് തെറ്റായി രേഖപ്പെടുത്തി; ബാങ്കിൽ എത്തിയത് ആദായനികുതി വകുപ്പ് വിളിച്ചിട്ട്’
Mail This Article
തൃശൂർ∙ ബാങ്കിൽ പണവുമായെത്തിയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിൽ ഹാജരാകണമെന്നും പിൻവലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും വ്യക്തമാക്കി ആദയനികുതി വകുപ്പിൽനിന്നും നോട്ടിസ് ലഭിച്ചിരുന്നെന്നു വർഗീസ് പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ പാൻ നമ്പർ ബാങ്ക് ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയെന്നും ബാങ്ക് അധികൃതർക്കു പറ്റിയ പിശക് മൂലമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും വർഗീസ് പറഞ്ഞു.
എം.എം.വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്:
‘‘ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിൽ ചൊവ്വാഴ്ച (ഇന്നലെ) ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദയനികുതി വകുപ്പിന്റെ തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ നോട്ടിസ് നൽകിയിരുന്നു. നേരത്തെ പിൻവലിച്ച ഒരു കോടി രൂപ കൊണ്ടുവരണമെന്നും നോട്ടിസിലുണ്ടായിരുന്നു. രേഖാമൂലമുള്ള നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിൽ എത്തിയത്. സിപിഎമ്മിന്റെ പാൻ നമ്പർ കേന്ദ്രകമ്മിറ്റിയുടെ പാൻ നമ്പറാണ്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ എല്ലാ അക്കൗണ്ടുകളും ഈ പാൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ശാഖയിൽ നമ്പർ തെറ്റായി രേഖപ്പെടുത്തി. AAATC0400A എന്നതാണ് ശരിയായ പാൻ നമ്പർ. T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ വീഴ്ചയാണത്. അത് അവർ സമ്മതിക്കുകയും ചെയ്തു. നിയമാനുസൃതമായ അക്കൗണ്ടുകള്‍ മാത്രമേ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയിലുള്ളു.
ഏപ്രിൽ രണ്ടാം തീയതി ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചു. ഏപ്രിൽ അഞ്ചിന് ബാങ്കിൽ പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതുപ്രകാരം ജില്ലാ കമ്മിറ്റി ഓഫിസ് ജീവനക്കാർ ബാങ്കിലെത്തി. തുടർന്ന് ഒരു കോടി രൂപ പിൻവലിച്ചത് തെറ്റായ നടപടിയാണെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ആദായനികുതി വകുപ്പിന്റെ അനുമതിയില്ലാതെ തുടർ ഇടപാട് നടത്താൻ പാടില്ലെന്നു നിർദേശിക്കുകയും ചെയ്തു. പിൻവലിച്ച ഒരു കോടി രൂപ ചെലവ് ചെയ്യാനും പാടില്ലെന്നും നിർദേശിച്ചു. നിയമാനുസൃതമായി നടത്തിയ ഇടപാടാണ്, പണം ചെലവാക്കുന്നത് തടയാനുള്ള അവകാശം ആദായനികുതി വകുപ്പിനില്ല.
ബാങ്കിന് പറ്റിയ വീഴ്ച ചൂണ്ടിക്കാട്ടിക്കൊണ്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാന് പരാതി നൽകി. അതുസംബന്ധച്ച് അവർ മറുപടി നൽകി. പാൻ നമ്പർ ബന്ധിപ്പിച്ചതിൽ തെറ്റുപറ്റിയതായി തുറന്നു സമ്മതിക്കുന്ന കത്ത് ജില്ലാ കമ്മിറ്റിക്ക് നൽകിയിരുന്നു. തൃശൂർ ജില്ലയിൽ സിപിഎമ്മിന് 2720 ബ്രാഞ്ചുകളുണ്ട്. 48315 പാർട്ടി അംഗങ്ങളുണ്ട്. പാർട്ടി അംഗങ്ങളുടെ ഫീസും ലെവിയും പൊതുജനങ്ങളിൽനിന്നുള്ള സംഭാവനകളുമാണ് സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ്. മരവിപ്പിച്ചു എന്ന് പറയുന്ന അക്കൗണ്ട് 3 പതിറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിയ അക്കൗണ്ടാണ്.’’