ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പട്നയിൽ നടക്കും. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധയെ തുടർന്നു വിട്ടുനിൽക്കുകയായിരുന്നു.
സുശീൽ കുമാർ മോദിയുടെ രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകാത്തതു ലോക്സഭാ സ്ഥാനാർഥിയാക്കാനാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ലോക്സഭാ സ്ഥാനാർഥിപ്പട്ടികയിലും ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്.
നിയമസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ, രാജ്യസഭാ, ലോക്സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ മോദി. നിതീഷ്‌കുമാർ നയിച്ച ജെഡിയു – ബിജെപി സഖ്യസർക്കാരുകളിൽ 2005–13, 2017–20 കാലത്താണ് സുശീൽ മോദി ഉപമുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്‌തനായിരുന്ന സുശീൽ മോദി, ഉപമുഖ്യമന്ത്രി സ്‌ഥാനം വഹിക്കുന്നതിനോടൊപ്പം ധനകാര്യ വകുപ്പും കൈകാര്യം ചെയ്‌തിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, ബിഹാർ സംസ്ഥാന അധ്യക്ഷൻ എന്നീ പദവികളും വഹിച്ചു.
വസ്‌ത്ര വ്യാപാരികളുടെ കുടുംബത്തിൽ ജനിച്ച സുശീൽ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് രാഷ്ട്രീയത്തിൽ എത്തിയത്. ബിഹാർ രാഷ്‌ട്രീയത്തിൽ മൂന്നു പതിറ്റാണ്ടായി നിറഞ്ഞു നിന്ന സുശീൽ മോദി, ബിജെപിയുടെ സൗമ്യമുഖമായിരുന്നു. കോട്ടയം പൊൻകുന്നം അഴീക്കൽ കുടുബാംഗമായ ജെസി ജോർജാണ് സുശീലിന്റെ ഭാര്യ. മക്കൾ: മക്കൾ: ഉത്കർഷ്, അക്ഷയ്.