ഹെലികോപ്റ്റർ പൂർണമായും കത്തിയ നിലയിൽ, യാത്രക്കാരെ കണ്ടെത്താനായില്ല; റെയ്സി കൊല്ലപ്പെട്ടു

Mail This Article
ടെഹ്റാൻ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരെത്തി. ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നും പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉൾപ്പെടെ എല്ലാവരും കൊല്ലപ്പെട്ടെന്നും ഇറാൻ റെഡ് ക്രസന്റ് ചെയർമാൻ കോലിവാൻഡ് അറിയിച്ചു.
‘‘പ്രസിഡന്റ് റെയ്‌സിയുടെ ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. വലിയ അപകടമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാരും മരിച്ചു’’– രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. തുർക്കിയിൽ നിന്നെത്തിച്ച ഡ്രോണാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയിൽപ്പെട്ട് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവരെ കാണാതായത്.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.
