ADVERTISEMENT

കോട്ടയം. മൂന്ന് നരേന്ദ്ര മോദി മന്ത്രിസഭകളിലും അംഗമായ ഏക വനിത, ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, ആദ്യ മുഴുവന്‍ സമയ വനിതാ ധനമന്ത്രി. കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിര്‍മല സീതാരാമന്‍ സ്വന്തം പേരില്‍ കുറിച്ചിട്ട നേട്ടങ്ങള്‍ ചില്ലറയല്ല. ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡിനൊപ്പവും നിര്‍മലയുണ്ട്. പരമ്പരാഗത ബജറ്റുപെട്ടി ഒഴിവാക്കി ബഹി-ഖാതാ (Bahi-Khata) എന്ന ചെഞ്ചുവപ്പന്‍ തുണി സഞ്ചി അവതരിപ്പിച്ചതും അച്ചടി ഒഴിവാക്കി ബജറ്റിനെ പൂര്‍ണമായി ഡിജിറ്റലാക്കിയതും നിര്‍മലയാണ്.

വെല്ലുവിളികളിലും പതറാതെ

ബിജെപിയുടെ വക്താവെന്ന നിലയിലും പിന്നീട് കേന്ദ്രമന്ത്രിയായപ്പോഴും പാര്‍ലമെന്‍റിലും പുറത്തും പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും പ്രതിരോധ ശക്തികളിലൊന്നായിരുന്നു, വാക്കുകള്‍ പലപ്പോഴും മൂര്‍ച്ചയോടെ ഉപയോഗിക്കുന്ന നിര്‍മല സീതാരാമന്‍. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ശക്തമായി പ്രതിരോധിച്ച് നിര്‍മല രംഗത്തെത്തി.

2014ല്‍ ഒന്നാം മോദി സര്‍ക്കാരില്‍ വ്യവസായ-വാണിജ്യ മന്ത്രിയായാണ് തുടക്കം. 2017ല്‍ പ്രതിരോധമന്ത്രിയായി. പാക്കിസ്ഥാനിലേക്ക് കടന്നുകയറി ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയപ്പോള്‍ പ്രതിരോധമന്ത്രിക്കസേരയില്‍ നിര്‍മലയായിരുന്നു. 2019ലാണ് നിര്‍മലയെ തേടി ധനമന്ത്രി പദമെത്തിയത്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചതും ആദായ നികുതിദായകര്‍ക്കായി പുതിയ നികുതി സ്കീം നടപ്പാക്കിയതും നിര്‍മലയാണ്.

കോവിഡ്-ലോക്‌ഡൗണ്‍ കാലത്ത് രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ 20 ലക്ഷം കോടി രൂപയുടെ (ജിഡിപിയുടെ ഏകദേശം 10 ശതമാനം തുക) രക്ഷാപ്പാക്കേജ് അവതരിപ്പിച്ചും ശ്രദ്ധനേടി. കോവിഡ് കാലത്ത് നെഗറ്റീവ് 24 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് നിലവില്‍ 8 ശതമാനത്തിന് മുകളിലെത്തിയെന്നതും രാജ്യം ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയാണെന്നതും നിര്‍മലയ്ക്ക് ആശ്വാസം പകരുന്ന ഘടകങ്ങളാണ്. കോവിഡ് കാലത്ത് കുതിച്ചുപൊങ്ങിയ ധനക്കമ്മിയെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ജിഡിപിയുടെ 5.6 ശതമാനമാക്കി കുറയ്ക്കാനും നിര്‍മലയ്ക്ക് സാധിച്ചു. 

നിര്‍മല വന്ന വഴികള്‍

1959 ഓഗസ്റ്റ് 18ന് തമിഴ്നാട്ടിലെ മധുരയിലാണു നിര്‍മലയുടെ ജനനം. തിരുച്ചിറപ്പിള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജില്‍നിന്ന് ബിരുദം. ഡല്‍ഹി ജെഎൻയുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ജെഎന്‍യുവില്‍ സഹപാഠിയായിരുന്ന ഭര്‍ത്താവ് പറകാല പ്രഭാകറിനൊപ്പം കുറച്ചുകാലം യുകെയില്‍ ജീവിതം. 2008ലാണ് ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പാര്‍ട്ടിയില്‍ സുഷമ സ്വരാജിനു ശേഷം ഉയര്‍ന്നുകേട്ട വനിതാവക്താവിന്‍റെ ശബ്ദമായി നിര്‍മല മാറി. വക്താവെന്ന നിലയിലെ ശ്രദ്ധേയ പ്രകടനം ഒന്നാം മോദി മന്ത്രിസഭയിലേക്കും വഴിതുറന്നു.

English Summary:

Nirmala Sitharaman again Union Minister of Finance and Corporate Affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com