മകന് കളിപ്പാട്ടവും ചോക്ലേറ്റും കൊണ്ടുവന്നു; സഹോദരനെ കാത്തിരുന്നത് വിയോഗവാർത്ത

Mail This Article
ചങ്ങനാശേരി∙ കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസിന്റെ (38) വിയോഗവാർത്തയിൽ മനം നൊന്ത് നാട്. മകൻ ഏയ്ഡന് നിറയെ കളിപ്പാട്ടങ്ങളും ചോക്ലേറ്റ് മിഠായികളുമായാണ് കഴിഞ്ഞ ജൂലൈയിൽ ഷിബു നാട്ടിലെത്തിയത്. ഒരുമാസം മകനോടൊപ്പം കളിച്ചും ചിരിച്ചും ചെലവഴിച്ചു. തിരികെ പോകുമ്പോൾ മകനെ അച്ഛൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞാണ് വിടപറഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ റോസി കുഞ്ഞുമായി തൃക്കൊടിത്താനത്തെ കുടുംബവീട്ടിലാണ് താമസം.
പായിപ്പാട്ടെ വീട്ടിൽ ഷിബുവിന്റെ സഹോദരൻ ഷിനുവാണ് താമസം. സഹോദരന്റെ വിയോഗ വാർത്തയറിഞ്ഞ് ബോധരഹിതനായി വീണ ഷിനുവിനെ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തി. കുവൈത്തിലുള്ള ഷിബുവിന്റെ മൂത്തസഹോദരൻ ഷിജുവാണ് മരണവിവരം നാട്ടിൽ വിളിച്ചറിയിച്ചത്.
ഇരുവർക്കും ഒരേ കമ്പനിയിലായിരുന്നു ജോലി. ഷിബുവിന്റെ ഫ്ലാറ്റിനു സമീപത്ത് തന്നെയാണ് ഷിജു കുടുംബസമേതം താമസിച്ചിരുന്നത്. തീപിടിച്ച വിവരമറിഞ്ഞ് ഓടിയെത്തിയ സഹോദരനെ കാത്തിരുന്നത് കൂടപ്പിറപ്പിന്റെ വിയോഗവാർത്തയായിരുന്നു.