ശ്രീഹരിയെ കെട്ടിപ്പിടിച്ച് അമ്മ യാത്രയാക്കിയിട്ട് 5 ദിവസം; അച്ഛൻ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച

Mail This Article
ചങ്ങനാശേരി ∙ വിദേശത്ത് ആദ്യമായി ജോലിക്കു പോകുന്ന മകനെ കെട്ടിപ്പിടിച്ച് യാത്രയാക്കിയ അമ്മയ്ക്ക് അഞ്ചാം നാൾ കേൾക്കേണ്ടി വന്നത് മകന്റെ വിയോഗവാർത്ത. ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ (27) മരണത്തിൽ നൊമ്പരമടക്കാനാവാതെ വിതുമ്പുകയാണ് വീട്ടുകാരും നാട്ടുകാരും.
ഈ മാസം എട്ടിനാണ് ശ്രീഹരി അമ്മ ദീപയോടും സഹോദരങ്ങളായ അർജുനോടും ആനന്ദിനോടും യാത്ര പറഞ്ഞ് കുവൈത്തിലേക്ക് തിരിച്ചത്. കുവൈത്തിൽ ജോലി ചെയ്യുന്ന അച്ഛൻ പ്രദീപിന്റെ താമസ സ്ഥലത്തിന് അടുത്തുതന്നെയായിരുന്നു മകന്റെയും താമസം. വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുന്ന പ്രദീപ് എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായിരുന്നു. ഈ കമ്പനിയുടെ തന്നെ സൂപ്പർമാർക്കറ്റിലാണ് മകനു ജോലി ലഭിച്ചതും.
വ്യാഴാഴ്ച പുലർച്ചെ കുവൈത്തിൽനിന്നും വീട്ടിലേക്ക് വന്ന ഫോൺവിളി കുടുംബത്തെയും നാടിനെയും മുഴുവൻ കണ്ണീരിലാഴ്ത്തി. സമീപത്തെ ഫ്ലാറ്റിൽ തീപിടിച്ച വാർത്തയറിഞ്ഞ് ഓടിയ അച്ഛൻ മകനൊന്നും സംഭവിക്കരുതേ എന്നാണ് പ്രാർഥിച്ചത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മകനെ കിട്ടാതെ വന്നതോടെ പരിഭ്രമമായി. ഒടുവിൽ സംഭവ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.