‘സിൽവർലൈനിന് ഒറ്റയടിക്ക് കേന്ദ്രത്തിന്റെ അനുവാദം പ്രതീക്ഷിക്കുന്നില്ല; വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ വന്നാൽ മതി’

Mail This Article
ന്യൂഡൽഹി∙ സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒറ്റയടിക്ക് അനുവാദം തരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർലൈൻ ഒരു ദീർഘകാല പദ്ധതിയാണ്. നിലവിൽ വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ കൂടുതൽ വന്നാൽ മതിയെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ കടബാധ്യതയിൽ വലിയ കുറവ് വന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനവും വർധിച്ചിട്ടുണ്ട്. പത്താം ധനകാര്യ കമ്മിഷന്റെ ഭാഗത്തു നിന്നും കിട്ടിയതിന്റെ നേർ പകുതിയെ ഇപ്പോൾ കിട്ടുന്നുള്ളൂ. കേന്ദ്ര നയങ്ങളുടെ ഭാഗമായുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഹൈവേ നിർമാണത്തിനായി കൂടുതൽ തുക ചെലവായി. അത് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങൾക്കെല്ലാം പണം കൊടുക്കാൻ സാധാരണ രീതിയിൽ കഴിയുന്നതല്ല. കെഎസ്ആർടിസി ശമ്പളം രണ്ടുപ്രാവശ്യമായി കൊടുത്തതാണ് പ്രശ്നം എന്നതിൽ അർഥമില്ല. കേരളം മാത്രമാണ് ഇത്രയും ചെയ്തത്. എല്ലാ ഫണ്ടും ഒരുമിച്ച് എടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് രണ്ടുവട്ടമായത്. കെടിഡിസിക്കും കെഎസ്ആർടിസിക്കുമായി 650 കോടി രൂപ കഴിഞ്ഞ മാർച്ചിൽ കൊടുത്തതാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.