പേരു മാറ്റിയില്ലെങ്കിൽ ഫണ്ടില്ലെന്ന് കേന്ദ്രത്തിന്റെ കട്ടായം; ‘എന്തു വന്നാലും പേരു മാറ്റില്ലെ’ന്ന പ്രഖ്യാപനം വിഴുങ്ങി സംസ്ഥാന സർക്കാർ
Mail This Article
തിരുവനന്തപുരം∙ സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്ന കേന്ദ്രനിർദേശം നടപ്പിലാക്കില്ലെന്ന മുൻ നിലപാടിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറി. ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാൻ സർക്കാർ ഉത്തരവിറക്കി. എന്തു വന്നാലും പേരു മാറ്റില്ലെന്നായിരുന്നു നവകേരള സദസിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്. പേരുമാറ്റാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്നായതോടെയാണ് സംസ്ഥാനം നിലപാട് മാറ്റിയത്.
സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യകേന്ദ്രം (പിഎച്ച്സി), അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യുപിഎച്ച്‌സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിർ എന്നു മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലിഷിലും ബോർഡിൽ പേര് എഴുതണം.
കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേരിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം. 2023 ഡിസംബറിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടു.