ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിൽനിന്നും മറ്റു പാർട്ടികളിൽനിന്നും ബിജെപി കേരളത്തിൽപോലും വോട്ടു ചോർത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നു പിബി അംഗം എം.എ.ബേബി. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികൾ തയാറാക്കണമെന്നും ഒരു മാസികയിലെ ലേഖനത്തിൽ ബേബി ചൂണ്ടിക്കാട്ടി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതിനെ സിപിഎം ജില്ലാ കമ്മിറ്റികള്‍ രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയായിരുന്നു വിമർശനം. അതിനു പിന്നാലെയാണ് മുതിർന്ന നേതാവ് എം.എ.ബേബിയും തിരുത്തലുകള്‍ നിർദേശിച്ച് രംഗത്തെത്തിയത്.

തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാകില്ലെന്ന് ലേഖനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല പരിശോധിക്കേണ്ടത്. ബഹുജന സ്വാധീനത്തിലും പാർട്ടിക്ക് ചോർച്ച സംഭവിക്കുന്നുണ്ട്. തിരുത്തലുകൾ വരുത്തുന്നുണ്ടെങ്കിലും ഇനിയും തിരുത്തേണ്ട തലങ്ങൾ ബാക്കിയാണ്. ജനങ്ങൾക്ക് ബോധ്യമാകുന്നവിധം, സത്യസന്ധവും നിർഭയവും ഉള്ളുതുറന്നതുമായ സ്വയം വിമർശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂ.

ജനങ്ങളുമായി സംസാരിക്കുന്നതുപോലെ പ്രധാനമാണ് അവർക്ക് പറയാനുള്ളത് ക്ഷമാപൂർവം കേൾക്കുക എന്നതും. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിർത്താൻ ശ്രമിക്കണം. ജനങ്ങൾ പറയുന്നതിലെ ശരിയായ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകൾ വരുത്തുക എന്നതും പ്രധാനമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.

English Summary:

CPM PB Member MA Baby on Loksabha Election Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com