ADVERTISEMENT

ധാക്ക∙ ബംഗ്ലദേശ് സ്വാതന്ത്ര്യത്തിനു ശേഷം 1972 ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976 ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985 ല്‍ , യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു.

1997ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ല്‍ പേരക്കുട്ടികളെയും ഉള്‍ക്കൊള്ളിക്കാമെന്ന ഉത്തരവു വന്നു. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കിയത്. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്നു വിദ്യാര്‍ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നതിനാല്‍ സംവരണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവാമി ലീഗാണെന്നതാണു വിമര്‍ശനം.

ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജോലികളിലേക്കും മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണു പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ബംഗ്ലദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഉള്ളത് രണ്ടു ലക്ഷത്തോളം പേരാണ്. ബംഗ്ലദേശിന്റെ ആകെ ജനസംഖ്യ 17 കോടിയും. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടര്‍ച്ചക്കാരെയും ചേര്‍ത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സര്‍ക്കാര്‍ ജോലിയിലെ 30% മാറ്റിവയ്ക്കുന്നത് ഒട്ടും ആനുപാതികമല്ലെന്നു സംവരണ വിരുദ്ധ വിഭാഗം വാദിക്കുന്നു.

മാത്രമല്ല, സ്വാതന്ത്ര്യസമര സേനാനികളില്‍ മിക്കവരുടെയും കുടുംബങ്ങൾ സാമ്പത്തികമായി പിന്നാക്കമല്ല. വീണ്ടും വീണ്ടും അവര്‍ക്കു സംവരണം നല്‍കുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണു പ്രക്ഷോഭകര്‍ പറയുന്നത്. സംവരണ വിഭാഗത്തിലുള്ളവര്‍ പ്രാഥമിക പരീക്ഷ പോലും പാസാകാത്തതിനാല്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികകളിലേക്കു 1997 മുതല്‍ 2010 വരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍നിന്നു താല്‍കാലിക നിയമനം നടത്തിയെങ്കിലും സംവരണേതര വിഭാഗത്തില്‍നിന്നു നിയമനം നടത്തേണ്ടതില്ലെന്നു 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താല്‍ക്കാലിക ജോലിയിലേക്കു പോലും ജനറല്‍ വിഭാഗത്തിനു പ്രവേശനമില്ലാതായി.

∙ സംവരണം റദ്ദാക്കി സുപ്രീംകോടതി വിധി

പ്രക്ഷോഭം ശക്തമാകുകയും നൂറിലേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തതോടെ ജൂലൈ 21ന് ബംഗ്ലദേശ് സുപ്രീംകോടതി വിഷയം അടിയന്തരമായി പരിഗണിക്കുകയും വിദ്യാർഥികൾക്ക് അനുകൂലമായി സംവരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വിധി പ്രഖ്യാപിക്കുകയും ചെയ്തു. 93% സര്‍ക്കാര്‍ ജോലികളിലും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു കോടതി വിധി.

സ്വാതന്ത്ര്യ സമരസേനാനികളുടെ പിൻമുറക്കാർക്ക് 30% സംവരണം നൽകിയിരുന്നത് 5 % ആക്കി സുപ്രീംകോടതി വെട്ടിക്കുറച്ചു. ബാക്കി 2% പിന്നാക്ക ജില്ലകളിൽനിന്നുള്ളവർക്കും ഭിന്നശേഷിക്കാർക്കും ലഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ സുപ്രീംകോടതി വിധിയോടെ പ്രക്ഷോഭത്തിന് താൽക്കാലിക ശമനമായെങ്കിലും ഹസീനയുടെ രാജിയാവശ്യപ്പെട്ട് ഒരിടവേളയ്ക്കുശേഷം സമരം വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.

English Summary:

Bangladesh protests: Controversial job quota, protestors' non-cooperation movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com