ഒരു ഇലയിൽ രണ്ടു സദ്യ; അജിത് കുമാറിന് സംരക്ഷണം, ജേക്കബ് തോമസിന്റെ ആനുകൂല്യം തടഞ്ഞു
Mail This Article
തിരുവനന്തപുരം ∙ മുൻ ഡിജിപി ജേക്കബ് തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ 4 വർഷമായിട്ടും നൽകാതെ സംസ്ഥാന സർക്കാർ. ആനുകൂല്യങ്ങൾക്കായി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. സർക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിനെ മൂന്നു തവണ സസ്പെൻഡ് ചെയ്തിരുന്നു. ഒടുവിൽ തിരിച്ചെടുത്ത് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. 2020 മേയിൽ വിരമിക്കുന്നതുവരെ ആ തസ്തികയിൽ തുടർന്നു. പിന്നീട് ആനുകൂല്യങ്ങൾ തടഞ്ഞു.
സർക്കാരുമായി അടുപ്പമുള്ളവർക്ക് പ്രത്യേക പരിഗണനയെന്ന ആക്ഷേപമാണ് ഉദ്യോഗസ്ഥർക്ക് ഇടയിലുള്ളത്. ഗുരുതര ആരോപണങ്ങളുയർന്നിട്ടും എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് സർക്കാർ മാറ്റിയിട്ടില്ല. നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും പ്രധാന തസ്തികകളാണ് അജിത് കുമാറിനു എൽഡിഎഫ് സർക്കാർ നൽകിയത്. ഗുരുതര ആരോപണങ്ങളാണ് സിപിഎം എംഎൽഎ തന്നെ അജിത് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്പെൻഷൻ. ആറു മാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്പെൻഷൻ ലഭിച്ചു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കേ ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൂന്നാമത്തെ സസ്പെൻഷൻ.
ഇത്രയും സീനിയറായ ഉദ്യോഗസ്ഥനെ ഏറെക്കാലം സസ്‌പെൻഷനിൽ നിർത്താൻ കഴിയില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെത്തുടർന്ന് സർവീസിൽ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പു ശുപാർശ നൽകി. ട്രൈബ്യൂണൽ വിധി വന്നിട്ടും ആദ്യം സർക്കാർ അനുസരിച്ചില്ല. തുടർന്നു ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ സർക്കാരിന്റെ വിശദീകരണം ചോദിച്ചതിനു പിന്നാലെയാണു തിരിച്ചെടുത്തത്.
സീനിയർ ഡിജിപിയായിട്ടും പ്രധാന തസ്തിക നൽകാതെ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാക്കി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്ഥാപനത്തിന്റെ തലപ്പത്ത് ആദ്യമായാണ് ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. വിരമിച്ചതിനു പിന്നാലേ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.