എടിഎമ്മിന് മുകളിൽ ക്യാമറ; വ്യാജ കാർഡുകൾ, അന്ന് 60 അക്കൗണ്ടിൽനിന്ന് തട്ടിയത് 30 ലക്ഷം
Mail This Article
തിരുവനന്തപുരം∙ വർഷം 2016. തലസ്ഥാന നഗരത്തിലെ ചിലരുടെ അക്കൗണ്ടുകളിൽനിന്ന് അവരറിയാതെ പണം പിൻവലിക്കപ്പെട്ടു. പിൻ നമ്പരോ എടിഎമ്മോ ആർക്കും കൈമാറാതെ പണം നഷ്ടപ്പെട്ടത് അക്കൗണ്ട് ഉടമകളെ പരിഭ്രാന്തരാക്കി. ബാങ്കിൽ പരാതി നൽകിയതോടെ പുറത്തുവന്നത് വിദേശ പൗരൻമാർ നേതൃത്വം നൽകിയ എടിഎം തട്ടിപ്പ്. ഒന്നാം പ്രതി റുമേനിയൻ പൗരൻ ഗബ്രിയേൽ മരിയനും അലക്സാണ്ടർ മരിനോയും 2021വരെ പൂജപ്പുര ജയിലുണ്ടായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവരെക്കുറിച്ച് അധികൃതർക്ക് വിവരമൊന്നുമില്ല. തൃശൂരിലെ എടിഎം കവർച്ചയുടെ പശ്ചാത്തലത്തിൽ പഴയ മോഷണവും ചർച്ചയാകുകയാണ്.
പ്രത്യേക ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചു വൈഫൈ–റൂട്ടർ വഴി ഇടപാടുകാരുടെ കാർഡ് വിവരങ്ങൾ ശേഖരിച്ചു വ്യാജ എടിഎം കാർഡുണ്ടാക്കി മുംബൈയിൽനിന്നാണ് സംഘം പണം പിൻവലിച്ചത്. 60 പേരുടെ അക്കൗണ്ടുകളിൽനിന്നായി 30 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തെന്നാണു പൊലീസ് പറയുന്നത്. പണം പിന്‍വലിച്ചവർ തട്ടിപ്പിനായി ഉപയോഗിച്ച വെള്ളയമ്പലം ആൽത്തറ എസ്ബിഐ എടിഎമ്മിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൂന്നു വിദേശികൾ ചേർന്ന് എടിഎം മെഷീനു മുകളിൽ മേൽക്കൂരയിൽ ക്യാമറ സ്ഥാപിക്കുന്ന ദൃശ്യങ്ങൾ 2016 ജൂൺ 30ന് പൊലീസിനു ലഭിച്ചു. ഇവ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനു പിന്നാലെ പവർഹൗസ് റോഡിലെ ഹോട്ടൽ അധികൃതർ മൂന്നു പേരെയും തിരിച്ചറിഞ്ഞു. ജൂലൈ എട്ടിന് മുറിയെടുക്കുമ്പോൾ മൂവരും സമർപ്പിച്ച പാസ്പോർട്ടിന്റെ പകർപ്പും വിദേശികൾ പൂരിപ്പിച്ചു നൽകേണ്ട വ്യക്തിവിവര രേഖയായ സി ഫോമിലെ വിശദാംശങ്ങളുമാണു തിരിച്ചറിയാൻ സഹായിച്ചത്.
ഗബ്രിയേൽ മരിയൻ (27), ക്രിസ്ത്യൻ വിക്ടർ (26), ബോഗ്ഡീൻ ഫ്ലോറിയൻ (25) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ക്രിസ്ത്യൻ വിക്ടർ ജനുവരി 26നും ഗബ്രിയേൽ മരിയൻ ജൂൺ 25നും ബോഗ്ഡീൻ ഫ്ലോറിയൻ ജൂൺ എട്ടിനുമാണു സന്ദർശക വീസയിൽ ഇന്ത്യയിലെത്തിയത്. പിന്നീടു മൂവരും ഒരുമിച്ചു ജൂൺ അവസാനം കോവളത്തെത്തി ഹോട്ടലിൽ മുറിയെടുത്തു. അവിടെ നിന്നു രണ്ടു സ്കൂട്ടറിലും ഒരു കാറിലുമാണു നഗരത്തിലെത്തിയത്. ജൂൺ 30ന് എടിഎമ്മിൽ ക്യാമറ സ്ഥാപിച്ചശേഷം സ്റ്റാച്യുവിലെയും ഹൗസിങ് ബോർഡ് ജംക്‌ഷനു സമീപത്തെ ഹോട്ടലിലും തങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. രണ്ടു ദിവസത്തിനു ശേഷം ഇവരിലൊരാൾ എടിഎം മുറിയിലെത്തി ക്യാമറയിലെ മെമ്മറി കാർഡ് ഇളക്കിയെടുത്തു പകരം പുതിയതു സ്ഥാപിക്കുന്നതിന്റെ ദൃശ്യവും ലഭിച്ചു. പിന്നീട് കേരളം വിട്ട പ്രതികൾ മുംബൈയിലെത്തി വ്യാജ എടിഎം കാർഡുകൾ നിർമിച്ച് പണം പിൻവലിച്ചു.
ഇതോടെ, മൂന്നു പ്രതികളുടെയും ചിത്രവും പണം പിൻവലിച്ച എടിഎമ്മുകളുടെ വിവരവും കേരള പൊലീസ് മുംബൈ പൊലീസിനു കൈമാറി. റുമേനിയൻ വംശജർ മുറിയെടുത്തിട്ടുണ്ടോ എന്നന്വേഷിച്ചപ്പോൾ ഒരു ഹോട്ടലിൽ നിന്നു ഗബ്രിയേലിനെക്കുറിച്ചു വിവരം കിട്ടി. പുറത്തുപോയിരുന്ന ഇയാൾ തിരിച്ചെത്തിയപ്പോഴാണു മുംബൈ പൊലീസ് പിടികൂടിയത്. മൂന്നംഗ റുമേനിയൻ സംഘം കാർഡ് വിവരങ്ങൾ ചോർത്തിയെടുക്കാൻ ഉപയോഗിച്ച പുതിയ മോഡൽ സ്കിമ്മർ പൊലീസ് കണ്ടെടുത്തു. ഇടപാടുകാർ കാർഡ് ഉരയ്ക്കുമ്പോൾ അതിലെ വിവരങ്ങൾ വായിച്ചെടുക്കുകയും വൈഫൈ വഴി സമീപത്തുള്ള മൊബൈൽ ഫോണിലേക്കു കൈമാറുകയും ചെയ്യുന്ന ഉപകരണമാണു കണ്ടെത്തിയത്.
പിൻ നമ്പർ ചോർത്താൻ ക്യാമറ ഉപയോഗിച്ചിരുന്നുവെന്നു നേരത്തേ കണ്ടെത്തിയ പൊലീസ് കാർഡ് വിവരങ്ങൾ തട്ടിപ്പുകാർ എങ്ങനെ ശേഖരിച്ചെന്നറിയാതെ കുഴങ്ങിയിരുന്നു. വിശദ പരിശോധനയിലാണ് ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപെടാത്ത വൈഫൈ സ്കിമ്മർ കണ്ടത്. ഇതോടെ തട്ടിപ്പു രീതിയുടെ ചിത്രം വ്യക്തമായി. ക്യാമറ സ്ഥാപിച്ചതിന്റെ രണ്ടാംനാൾ തന്നെ സംഘത്തിലൊരാൾ വീണ്ടും എടിഎം മുറിയിലെത്തി ക്യാമറയിൽ നിന്നു മെമ്മറി കാർഡ് ഇളക്കിയെടുത്ത് പകരം പുതിയ കാർഡ് സ്ഥാപിച്ചിരുന്നു. 30 മണിക്കൂർ പ്രവർത്തിക്കുന്ന ബാറ്ററിയാണു ക്യാമറയിൽ ഘടിപ്പിച്ചിരുന്നത്. അതിനാൽ സംഘം കൂടുതൽ തവണ എടിഎം മുറിയിലെത്തി ബാറ്ററി മാറ്റിയിരിക്കാമെന്നും പൊലീസ് കരുതി. ഇതിനു വേണ്ടിയാണു നഗരത്തിലെത്തന്നെ മൂന്നു ഹോട്ടലുകളിലായി മുറിയെടുത്ത് ഇവർ തങ്ങിയത്. സുരക്ഷാജീവനക്കാർ ഇല്ലാത്തതിനാലാണ് വെള്ളയമ്പലം ആൽത്തറയിലെ എടിഎം തട്ടിപ്പിനായി തിരഞ്ഞെടുത്തത്. തൽസമയം ക്യാമറാ നിരീക്ഷണം ഇല്ലാത്തതിനാൽ എടിഎമ്മിൽ തട്ടിപ്പുസംഘം ക്യാമറ സ്ഥാപിക്കുന്നതു കണ്ടെത്താൻ ബാങ്ക് അധികൃതർക്കും കഴിഞ്ഞില്ല.
ഗബ്രിയേലിനു പിന്നാലെ, സംഘത്തിലുണ്ടായിരുന്ന അലക്സാണ്ടർ മരിനോയെ (28) രണ്ടു വർഷത്തിനുശേഷം നിക്കരഗ്വയിൽനിന്നു കേരള പൊലീസ് തലസ്ഥാനത്തെത്തിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തശേഷം വിമാന മാർഗമാണ് ഇവിടെയെത്തിച്ചത്. കേരള പൊലീസിന്റെ ചരിത്രത്തിലാദ്യമായാണു വിദേശിയായ പ്രതിയെ വിദേശത്തുനിന്നു പിടികൂടിയത്. 2021 ജനുവരി 11, 12 തീയതികളിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെക്കുറിച്ച് വിവരമില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത മ്യൂസിയം പൊലീസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ കഴിഞ്ഞില്ല. പൂജപ്പുര ജയിലിൽനിന്ന് വിട്ടയയ്ക്കുമ്പോൾ പൂജപ്പുരയിലെ സ്റ്റേഷനിൽ അധികൃതർ വിവരം അറിയിച്ചിരുന്നു.