ADVERTISEMENT

കൽപറ്റ ∙ ‘മുണ്ടക്കൈ, 673 577’; വിജനമായൊരു നാടിന്റെ മേൽവിലാസമാണിത്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തേടി ഈ വിലാസത്തിലേക്ക് കത്തുകളും രേഖകളും എത്തിക്കൊണ്ടിരിക്കുന്നു. ഉരുൾക്കലിയിൽ ഒരു ദേശം തന്നെ ഒലിച്ചുപോയപ്പോൾ കൂടെ പോസ്റ്റ് ഓഫിസും ഒലിച്ചു പോയി. വിലാസം മാത്രം ശേഷിച്ചു. മുണ്ടക്കൈയിൽ ജീവനോടെ ബാക്കിയായ ആളുകൾ പലയിടങ്ങളിലേക്കായി ചിതറി. എങ്കിലും അവരെത്തേടി എത്തുന്ന കത്തുകൾ ഓരോന്നും കൃത്യസ്ഥലത്തു തന്നെ എത്തിച്ചുകൊണ്ടിരിക്കുകയാണ് പോസ്റ്റുമാനായ പി.ടി.വേലായുധൻ.

33 വർഷമായി മുണ്ടക്കൈ പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാനാണ് വേലായുധൻ. മുണ്ടക്കൈയിലെ ഓരോ വീടും ഓരോ ആളെയും അദ്ദേഹത്തിന് അറിയാം. വേലായുധൻ കത്തുകളുമായി കയറിയിറങ്ങിയിരുന്ന വീടുകളിൽ ഭൂരിഭാഗവും ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായി. ബാക്കിയുള്ള വീടുകൾ ഉപേക്ഷിക്കപ്പെട്ടു.

ഉരുൾപൊട്ടൽ ജീവൻ മാത്രമാണ് വേലായുധനും കുടുംബത്തിനും തിരിച്ചുനൽകിയത്. വേലായുധന്റെ രണ്ടു നില വീടുൾപ്പെടെ തകർന്നു. ഒരു ആയുഷ്കാലത്തെ സമ്പാദ്യമായിരുന്നു ആ വീടും അതു നിന്നിരുന്ന പത്തു സെന്റ് സ്ഥലവും. ഉരുൾപൊട്ടിയപ്പോൾ ഭാര്യ ശാലിനിയോടൊപ്പം പള്ളിമുറ്റത്തേക്ക് ഓടിക്കയറിയതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി.

മുണ്ടക്കൈ പോസ്റ്റ് ഓഫിസ് താൽകാലികമായി മേപ്പാടിയിലാണ് പ്രവ‍ർത്തിക്കുന്നത്. ദിവസവും 30 കത്തെങ്കിലും വരുന്നുണ്ട്. ആളുകളെ നേരിട്ട് അറിയാവുന്നതിനാൽ ഫോൺ വിളിച്ചറിയിച്ചും ചിലരുടെ വാടക വീടുകളിൽ നേരിട്ടെത്തിച്ചും നൽകുന്നു. മുണ്ടക്കൈയിൽ ജീവനോടെ അവശേഷിച്ചവരെല്ലാം പല സ്ഥലങ്ങളിലെ വാടക വീടുകളിലാണ് ഇപ്പോൾ. മേപ്പാടിയിലെ വാടക വീട്ടിലാണ് വേലായുധനും കുടുംബവും.

പോസ്റ്റ് മാസ്റ്റർ ആലക്കൽ അബ്ദുൽ മജീദിന്റെ കെട്ടിടത്തിലായിരുന്നു പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. മജീദിന്റെ വീടും പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും തകർന്നുതരിപ്പണമായി. ഗുരുതര രോഗബാധിതനായ മജീദ് കിടപ്പിലാണ്. മജീദിന്റെ അനുജന്റെ ഭാര്യ നജ്മ റഹ്മാനാണ് പോസ്റ്റ് ഓഫിസറുടെ ചുമതല താൽക്കാലികമായി വഹിക്കുന്നത്. മരിച്ചുപോയവരുടെ പേരിലും കത്തുകൾ എത്തുന്നുണ്ട്. നൊമ്പരത്തോടെ ഈ കത്തുകൾ മടക്കിയയയ്ക്കാനേ സാധിക്കൂ. മൂന്നു വർഷം കൂടി സർവീസുണ്ട് വേലായുധന്. എന്നാൽ ഇല്ലാതായിപ്പോയ നാടിന്റെ പോസ്റ്റുമാനാകേണ്ടി വരുമെന്ന് ഒരിക്കൽ പോലും വേലായുധൻ കരുതിയില്ല. ഇതിനു മുൻപ് ഇത്രമേൽ കണ്ണീരണിഞ്ഞ തപാൽ ദിനവും വേലായുധന്റെ ജീവിതത്തിലുണ്ടായില്ല.

ചൂരൽമലയിലെ പോസ്റ്റ് ഓഫിസിന് ഉരുൾപൊട്ടലിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതിനാൽ ഈ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ചൂരൽമലയിൽ ധാരാളം പേർ ഇപ്പോഴും താമസിക്കുന്നതിനാൽ പോസ്റ്റ് ഓഫിസ് തുടർന്നും പ്രവർത്തിക്കും. പക്ഷേ ഉരുളിൽ ഒലിച്ചുപോയ നാടിന്റെ മേൽവിലാസമായ മുണ്ടക്കൈ പോസ്റ്റ് ഓഫിസ് ഇനിയെത്ര കാലമുണ്ടാകും എന്നറിയില്ല. ഒരുപക്ഷേ വേലായുധനായിരിക്കും ആ പോസ്റ്റ് ഓഫിസിലെ അവസാന പോസ്റ്റുമാൻ.

English Summary:

This article tells the touching story of P.T. Velayudhan, a postman in Kerala, India, who continues to serve the residents of Mundakkai, a village devastated by a landslide. Though the village itself is gone, Velayudhan ensures that mail reaches the survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com