‘ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രിയുടെ അനുമതി വേണം; അല്ലെങ്കിൽ എപ്പോഴും സ്വാഗതം’: വിശദീകരിച്ച് രാജ്ഭവൻ
Mail This Article
തിരുവനന്തപുരം∙ രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്ന പ്രതികരണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക് വരാന്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഗവർണർ വ്യക്തമാക്കി.
‘‘രാജ്ഭവനിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരുന്ന ഉദ്യോഗസ്ഥർ സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇതുവരെ വന്നിരുന്നത്. രാജ്ഭവന്‍ ഇതു തടഞ്ഞിരുന്നില്ല. ഇനിമുതൽ മുഖ്യമന്ത്രിയുടെ അനുമതി ഇല്ലാതെ ഉദ്യോഗസ്ഥരെ രാജ്ഭവനിൽ ഔദ്യോഗിക സന്ദർശനം നടത്താൻ അനുവദിക്കില്ല. വ്യക്തിപരമായ കാര്യങ്ങൾക്കാണെങ്കിൽ ഉദ്യോഗസ്ഥരെ എപ്പോഴും സ്വാഗതം ചെയ്യുന്നു’’– രാജ്ഭവൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
തന്റെ കത്തുകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാകാത്തതു കൊണ്ടാണു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ വന്നു വിശദീകരിക്കാൻ നിർദേശിച്ചതെന്ന് കഴിഞ്ഞ ദിവസം ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്താതെ തന്നെ എത്രയോ കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ രാജ്ഭവനിൽ വരാറുണ്ട്. നിയമസഭ വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കെ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായി ഈയിടെ 2 വകുപ്പു സെക്രട്ടറിമാരെയും കൂട്ടി ചീഫ് സെക്രട്ടറി വന്നു. വിയോജിപ്പുണ്ടായിട്ടും അംഗീകരിച്ചതായും ഗവർണർ വ്യക്തമാക്കിയിരുന്നു.