ADVERTISEMENT

തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷം. ഉരുൾപൊട്ടിയതിനുശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും ഏകോപനത്തിൽ ഗൗരവതരമായ പ്രശ്നമുണ്ടായെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ടി.സിദ്ദിഖ് പറഞ്ഞു. ദുരിതബാധിതർക്ക് കേന്ദ്രം ധനസഹായം നൽകാത്തതിനെയും സിദ്ദിഖ് വിമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി വയനാട്ടിൽ വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് ദുരന്തബാധിതർ ചോദിക്കുന്നതായി സിദ്ദിഖ് പറഞ്ഞു. അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. രണ്ടു മണിക്കൂറാണ് ചർച്ച. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് അവതരിപ്പിച്ചത്.

‘‘200 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്താൽ പ്രദേശം ഉരുൾപൊട്ടൽ മേഖലയായി മാറും. 24 മണിക്കൂറിനിടെ 200 മില്ലീമീറ്ററിലധികം മഴ പെയ്തു. പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം സർക്കാർ റിപ്പോർട്ട് അനുസരിച്ച് ഉരുൾപൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ്. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമല തൊട്ടടുത്താണ്. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയും അടുത്താണ്. ഇത്രയും ഗുരുതര സാഹചര്യം ഉണ്ടായിട്ടും മഴ അളക്കാനുള്ള ക്രമീകരണം ഇല്ലാത്തതാണ് ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഉരുൾപൊട്ടിയതിനു തലേദിവസം, ജൂലൈ 29ന് ഉച്ചയ്ക്ക് ഓറഞ്ച് അലർട്ടായിരുന്നു. 200 മില്ലീമീറ്റർ മഴവരെയാണ് ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ടുള്ള സ്ഥലത്ത് ഇനി പെയ്യുന്ന മഴയുടെ അളവ് എടുക്കാനും, പെയ്ത മഴ അനുസരിച്ച് റെഡ് അലർട്ട് വരുമോ എന്ന് പരിശോധിക്കാനും സംവിധാനം ഉണ്ടായില്ല. ഉരുൾപൊട്ടിയതിനുശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഏകോപനത്തിന്റെ ഗൗരവകരമായ പ്രശ്നമുണ്ടായി. കലക്ടർമാരെ അടിക്കടി മാറ്റിയതും പ്രശ്നമായി ’’–ടി.സിദ്ദിഖ് പറഞ്ഞു.

English Summary:

Wayanad Landslide Rehabilitation: Assembly to discuss adjournment motion at 1 PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com