മണിപ്പുരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി
Mail This Article
ഇംഫാൽ∙ മണിപ്പുരിൽ ബിജെപി സഖ്യ സർക്കാരിൽ നിന്നും പിന്മാറി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി). ബിജെപി കഴിഞ്ഞാൽ സർക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എൻപിപി. സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് പിന്മാറ്റം. എൻപിപിയുടെ 7 എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്.
സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷനൽ പീപ്പിൾസ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്. മണിപ്പുർ സർക്കാർ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻപിപി തുറന്നടിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് ഒരു പ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെട്ടെങ്കിലും, 60 അംഗ മണിപ്പുർ നിയമസഭയിൽ ബിജെപി സർക്കാർ സുസ്ഥിരമായി തുടരാനാണ് സാധ്യത. ബിജെപിക്ക് നിലവിൽ 37 സീറ്റുകൾ സ്വന്തമായി ഉണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ജനതാദൾ യുണൈറ്റഡിന്റെ 1 എംഎൽഎ, നാഗാ പീപ്പിൾസ് ഫ്രണ്ടിലെ (എൻപിഎഫ്) അഞ്ച് എംഎൽഎമാർ, മൂന്ന് സ്വതന്ത്ര എംഎൽഎമാർ എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്.