മുസ്‌ലിം ലീഗ് നേതാക്കൾ വരാപ്പുഴ ബിഷപ് ഹൗസിൽ; മുനമ്പം വിഷയത്തിൽ സമവായത്തിനായി ചർച്ച
Mail This Article
കൊച്ചി∙ മുനമ്പം വിഷയത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി ചർച്ച നടത്തി. വരാപ്പുഴ ആർച്ച് ബിഷപ് ഹൗസിൽ എത്തിയാണ് ലീഗ് നേതാക്കൾ ബിഷപ്പുമായി ചർച്ച നടത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ലീഗ് നേതാക്കൾ ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം നിവാസികൾക്ക് കൂടിക്കാഴ്ചയിൽ ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും ബിഷപ് ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.
‘‘ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയിലെ 16 മെത്രാൻമാരും ചർച്ചയിൽ പങ്കെടുത്തിരുന്നു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും മുനമ്പം വിഷയം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. സർക്കാരിനോട് വിഷയം ഇവർ ഉന്നയിക്കും. മുഖ്യമന്ത്രിയോട് വിഷയം അവതരിപ്പിക്കും. ലീഗ് നേതാക്കൾ മുനമ്പം നിവാസികളോട് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. കോടതിയിലേക്ക് വിഷയം കൊണ്ടുപോയി പരിഹരിക്കാൻ ശ്രമിക്കും. ഇവിടെ വേണ്ടത് മത മൈത്രിയാണ്. ഇത് മാനുഷിക പ്രശ്നമാണ്. അറുന്നൂറിലധികം കുടുംബങ്ങൾ നേരിടുന്ന പ്രശ്നമാണ്. ഞങ്ങളോടൊപ്പം നിന്നതിൽ നന്ദിയുണ്ട്.’’ – ബിഷപ് ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.
അതേസമയം സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് ബിഷപ് ഹൗസിൽ നടന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘‘തങ്ങളും അഭിവന്ദ്യ പിതാവും പറഞ്ഞത് കൃത്യമാണ്. വളരെ സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നത്. മുനമ്പം വിഷയം വേഗത്തിൽ പരിഹരിക്കാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് സർക്കാർ വിഷയത്തിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഫാറുഖ് കോളജ് അധികാരികളുടെയും മുസ്‌ലിം സംഘടനകളെയും യോഗം തങ്ങൾ വിളിച്ചിരുന്നു. വിഷയം രമ്യമായി പരിഹരിക്കാൻ യോഗത്തിൽ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പിതാവ് പറഞ്ഞപോലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ സർക്കാർ കൂടി വിഷയത്തിൽ മുൻകയ്യെടുക്കണം. തിരഞ്ഞെടുപ്പിന് ശേഷം സർക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മുനമ്പം വിഷയത്തിൽ യോജിച്ച അഭിപ്രായമാണ് ഉള്ളത്. ഇന്ന് നടന്ന ചർച്ച വളരെ സൗഹാർദപരമായാണ് നടന്നത്. മുനമ്പം പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സർക്കാർ വിളിക്കുന്ന യോഗത്തിൽ പരിഹരിക്കാനുള്ള നിർദേശം ഞങ്ങൾ മുന്നോട്ട് വയ്ക്കും.’’ – പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.