ലബനനിൽ പ്രതിദിനം 3 കുട്ടികൾ കൊല്ലപ്പെടുന്നു; ഇതുവരെ മരിച്ചത് ഇരുന്നൂറിലധിം കുട്ടികൾ: യുഎൻ
Mail This Article
വാഷിങ്ടൻ∙ സെപ്റ്റംബറിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം വർധിപ്പിച്ചതിനു ശേഷം ലബനനിൽ ഇരുന്നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. അക്രമം തടയാൻ കഴിയുന്നവരിൽ നിന്നുള്ള നിഷ്ക്രിയത്വമാണ് അവരുടെ മരണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഏജൻസിയായ യുനിസെഫിന്റെ വക്താവ് ജയിംസ് എൽഡർ പറഞ്ഞു. ലബനനിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ, ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘പലർക്കും പരുക്കേൽക്കുകയും ആഘാതം ഏൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ 1,100ലധികം കുട്ടികൾക്ക് പരുക്കേറ്റു’’ – ജയിംസ് എൽഡർ പറഞ്ഞു. ഗാസയിലെ പലസ്തീൻ ഗ്രൂപ്പായ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ആരംഭിച്ചത്. സെപ്റ്റംബർ മുതൽ, ഇസ്രയേൽ ലബനനിൽ പ്രാഥമികമായി ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബോംബിങ് ക്യാംപയിനുകൾ നടത്തി, ഏറ്റുമുട്ടലുകൾ ആരംഭിച്ചതിനുശേഷം, ലബനനിൽ 3,510-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.