ADVERTISEMENT

ശബരിമല∙ ശബരിമലയിൽ രാത്രി 11 മണിവരെയുള്ള കണക്ക് അനുസരിച്ച് 75,458 പേർ ദർശനം നടത്തി. അതിൽ 12,486 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. ഹരിവരാസനം പാടി നട അടച്ച ശേഷവും പതിനെട്ടാം പടി കയറാൻ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. ഇവരുടെ നിര വലിയ നടപ്പന്തലും പിന്നിട്ട് ശരം കുത്തി ഭാഗത്തേക്ക് നീണ്ടു.

വൈകിട്ട് 4ന് തുടങ്ങിയ ചാറ്റൽമഴ രാത്രി വരെ തുടർന്നു. പതിനെട്ടാംപടിയിൽ പൊലീസ് നടത്തിയ ഫൊട്ടോ ഷൂട്ടിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം ഉണ്ടായതും ഇന്നാണ്. നാളെ നടക്കുന്ന ദേവസ്വം ബോർഡ്‌ യോഗം വിഷയം ചർച്ച ചെയ്യും. പൊലീസിന്റെ നടപടി അനുചിതമായി എന്നാണ് ദേവസ്വം ബോർഡിന്റെ പൊതുവായ അഭിപ്രായം.

അതേസമയം അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം. ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്.

അഗ്നി സാക്ഷിയായി...
അയ്യപ്പ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ശബരിമല സന്നിധാനത്തിൽ തീർഥാടകരുടെ മത മാത്സ്യരം, കോപം, അഹങ്കാരം എന്നിവ ചാമ ഭസ്മമാക്കി ജ്വലിച്ചു നിൽക്കുന്ന ആഴിയിൽ, ഉടച്ച നെയ്ത്തേങ്ങകൾ സമർപ്പിച്ച ശേഷം തൊഴുകൈകളോടെ നിൽക്കുന്ന ഭക്തൻ. ആധിയും വ്യാധിയും വെടിഞ്ഞാണ് സ്വാമി ഭക്തർ സത്യമായ പൊന്നു പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തുന്നത്.   ചിത്രം: ഹരിലാൽ •  മനോരമ
അഗ്നി സാക്ഷിയായി... അയ്യപ്പ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ശബരിമല സന്നിധാനത്തിൽ തീർഥാടകരുടെ മത മാത്സ്യരം, കോപം, അഹങ്കാരം എന്നിവ ചാമ ഭസ്മമാക്കി ജ്വലിച്ചു നിൽക്കുന്ന ആഴിയിൽ, ഉടച്ച നെയ്ത്തേങ്ങകൾ സമർപ്പിച്ച ശേഷം തൊഴുകൈകളോടെ നിൽക്കുന്ന ഭക്തൻ. ആധിയും വ്യാധിയും വെടിഞ്ഞാണ് സ്വാമി ഭക്തർ സത്യമായ പൊന്നു പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തുന്നത്. ചിത്രം: ഹരിലാൽ • മനോരമ

ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിർദേശമുണ്ട്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു രക്ഷ നേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡിന്റെ നിരീക്ഷണത്തിൽ വ്യക്തമായി. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുത്.

സന്നിധാനത്തേക്കുള്ള യാത്രാമധ്യേ ശരംകുത്തിയിൽ വിശ്രമിക്കുന്നതിനിടെ മയങ്ങുന്ന ഒന്നര വയസ്സുള്ള കന്നിയയ്യപ്പൻ എ.മിഹാൻ. ചിത്രം: ഹരിലാൽ • മനോരമ
സന്നിധാനത്തേക്കുള്ള യാത്രാമധ്യേ ശരംകുത്തിയിൽ വിശ്രമിക്കുന്നതിനിടെ മയങ്ങുന്ന ഒന്നര വയസ്സുള്ള കന്നിയയ്യപ്പൻ എ.മിഹാൻ. ചിത്രം: ഹരിലാൽ • മനോരമ

സാഹചര്യം അനുസരിച്ചുള്ള പെരുമാറ്റം പ്രധാനമാണെന്നും സേനാംഗങ്ങൾക്ക് ഓർമപ്പെടുത്തലുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് സ്പെഷൽ ഓഫിസർ എസ്പി കെ.ഇ.ബൈജു നിർദേശങ്ങൾ കൈമാറി. സന്നിധാനത്ത് ആദ്യ ബാച്ചിന്റെ സേവനം ഇന്നലെ പൂർത്തിയായി. പരാതികൾക്ക് ഇടയാക്കാത്ത വിധം സേവനം പൂർത്തിയാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ശബരിമല ദർശനത്തിന് തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ആലോചനയുമായി ദേവസ്വം ബോർഡ്. പല ദിവസവും വെർച്വൽ ക്യു ബുക്ക് ചെയ്ത പതിനായിരത്തോളം പേർ വീതം എത്തുന്നില്ല. എന്നാൽ ബുക്കിങ് റദ്ദാക്കുന്നതുമില്ല. ഈ സാഹചര്യം മറികടക്കാനാണ് കൗണ്ടറുകൾ കൂട്ടി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 10,000 പേർക്കാണ് നിലവിൽ തത്സമയ ബുക്കിങ്ങിലൂടെ പ്രവേശനം. ഇതിൽ കൂടുതൽ ആളുകൾ എത്തിയാലും തത്സമയ പ്രവേശനം വേഗത്തിൽ സാധ്യമാക്കാൻ കൗണ്ടറുകൾ കൂട്ടുന്നത് സഹായിക്കും. ‌പമ്പ, എരുമേലി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിലാണ് തത്സമയ ബുക്കിങ് കേന്ദ്രങ്ങളുള്ളത്.

English Summary:

Sabarimala Live- Pilgrimage continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com