തമിഴ്നാട്ടിൽ കനത്ത മഴ; 2000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു, 6 ജില്ലകളിൽ റെഡ് അലർട്ട്
Mail This Article
ചെന്നൈ∙ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴ. ഈ 6 ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്.
2 ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലേറെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാംപുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
3 ദിവസം ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.