ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്തിൽ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ചുരുളഴിഞ്ഞത് 4 കൊലപാതക കേസുകൾ. വിവിധ ട്രെയിനുകളിൽ വച്ച് പ്രതി 4 പേരെ കൊലപ്പെടുത്തിയെന്നാണു പുതിയ വിവരം. കൊലപാതക കേസുകളുടെ എണ്ണം ഇനിയും കൂടിയേക്കാം. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുൽ കരംവീർ ജാട്ട് എന്നയാളാണ് പ്രതി. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് യൂണിറ്റുകൾ നടത്തിയ തിരച്ചിലിനു ശേഷമായിരുന്നു അറസ്റ്റ്. ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകൾ ഇയാളെ കണ്ടെത്താനായി പരിശോധിച്ചിരുന്നു.

ഒറ്റയ്ക്കുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ് രീതി. ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ കയറിയാണ് കൊള്ളയും കൊലപാതകവും നടത്തിയിരുന്നത്. ട്രെയിനുകളിൽ മാറിമാറി പോകുന്നതാണ് പ്രതിയെ പിടിക്കാൻ ബുദ്ധിമുട്ടായത്.

‘‘ഞായറാഴ്ച രാത്രി ലോക്കൽ പൊലീസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. കർണാടക, ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കവർച്ച, കൊലപാതകം തുടങ്ങിയ നാല് കേസുകളിലെങ്കിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി’’‌– എസ്പി കരൺരാജ് വഗേല പറഞ്ഞു.

അറസ്റ്റിനു ഒരു ദിവസം മുൻപ് തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിൽ വച്ച് പ്രതി ഒരു സ്ത്രീയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിൽ വച്ച് ഇയാൾ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് ബംഗാളിലെ ഹൗറ റെയിൽവേ സ്‌റ്റേഷനു സമീപം കതിഹാർ എക്‌സ്പ്രസ് ട്രെയിനിൽ വയോധികനെ കുത്തിക്കൊന്നു. കർണാടകയിലെ മുൽക്കിയിൽ ട്രെയിൻ യാത്രക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ ശേഷം രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ  കൊള്ളകളിൽ ഏർപ്പെട്ടു. ഇയാൾക്കെതിരെ 13 പ്രഥമ വിവര റിപ്പോർട്ടുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary:

Gujarat Murders: Gujarat Rape-Murder Suspect Revealed as Serial Killer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com