വെടിനിർത്തലിനു പിന്നാലെ ലബനീസ് ഗ്രാമങ്ങളിൽ ഇസ്രയേൽ വെടിവയ്പ്
Mail This Article
ബെയ്റൂട്ട് ∙ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കകം തെക്കൻ ലബനൻ അതിർത്തിയിലെ 6 സ്ഥലങ്ങളിൽ ജനങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണർക്കൊപ്പം വാഹനങ്ങളിൽ ഹിസ്ബുല്ല സംഘവും എത്തിയെന്നാരോപിച്ചാണ് ഇന്നലെ രാവിലെ വെടിയുതിർത്തത്. 2 പേർക്കു പരുക്കേറ്റു. ഇവിടങ്ങളിൽ കർഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേൽ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടൻ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നൽകി.
മർകബ, വസാനി, കഫർചൗബ, ഖിയം, ടയ്ബി, മർജയൂൻ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങൾ ഇസ്രയേൽ–ലബനൻ അതിർത്തിയിൽ ബഫർസോണായ 2 കിലോമീറ്റർ പരിധിക്ക് അകത്താണ്. ഇവിടെ ഹിസ്ബുല്ലയുടെയോ ഇസ്രയേലിന്റെയോ സൈനികസാന്നിധ്യം പാടില്ലെന്നാണു കരാർ. പകരം യുഎൻ സമാധാന സേനയും ലബനൻ സേനയും കാവൽ നിൽക്കണം. യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ബുധനാഴ്ചയാണു പ്രാബല്യത്തിലായത്.
വീടുകളിലേക്കു മടങ്ങുന്നവരെ ഇസ്രയേൽ ആക്രമിക്കുകയാണെന്നു ഹിസ്ബുല്ല നേതാവ് ഹസൻ ഫദ്ദല്ല പറഞ്ഞു.അതിനിടെ, ഗാസയിൽ ഇസ്രയേൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസ് വീണ്ടും സംഘം ചേരുന്നതു തടയാനെന്ന പേരിൽ വടക്കൻ ഗാസയ്ക്കുപുറമേ തെക്കൻ ഗാസയിലെ ഉൾപ്രദേശങ്ങളിലേക്കും ഇസ്രയേൽ ടാങ്കുകൾ തിരിച്ചെത്തിയിട്ടുണ്ട്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 44,282 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,04,880 പേർക്കു പരുക്കേറ്റു.