കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമണം ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ
Mail This Article
കോതമംഗലം∙ കുട്ടമ്പുഴ ഉരുളൻതണ്ണി വലിയക‌്‌ണാച്ചേരിയിൽ കാട്ടാന ആക്രണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോടിയാട്ട് എൽദോസ് വർഗീസ്(45) ആണ് മരിച്ചത്. ഉരുളൻ തണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞു ക്‌ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് മൃതദേഹം കണ്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ് രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിൽ എത്തി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്.
സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാത്ര ദൂരെയാണ് എൽദോസിന്റെ വീട്. പാതയിൽ വഴിവിളക്ക് ഉണ്ടായിരുന്നില്ല.ഇതുവഴി പോയ ഓട്ടോറിക്ഷാക്കാരനാണ് മൃതദേഹം കണ്ട് നാട്ടുകാരെ അറിയിച്ചത്. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. സ്ഥലത്തെത്തിയ വനപാലകർ മൃതദേഹം മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ചു തടഞ്ഞു.
വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്ത് സംഘടിച്ചതോടെ സംഘർഷാവസ്ഥയാണ്. വർഗീസ്–റൂത്ത് ദമ്പതികളുടെ മകനാണ് എൽദോസ്. സഹോദരി–ലീലാമ്മ