ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം; കേസെടുത്ത് കൊച്ചി പൊലീസ്
Mail This Article
കൊച്ചി∙ കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടന്ന സംഭവത്തിൽ പൊലീസ് കേസ് എടുത്തു. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അസിസ്റ്റന്റ് കമ്മീഷണർ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കും.
പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും, കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഉത്തരവിന് പിന്നാലെ നടപടികൾ തുടങ്ങിയതോടെയാണ് സൈബർ ഇടങ്ങളിൽ ജഡ്ജിക്കെതിരെ അധിക്ഷേപ പരാമർശവുമായി പലരും എത്തിയത്. അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.