മൂന്നു ഗ്രാം കഞ്ചാവല്ലേ പിടിച്ചത്, അതിനു കേസെടുക്കണോ? നിയമം പറയുന്നത് ഇങ്ങനെ

Mail This Article
കോട്ടയം∙ മൂന്നു ഗ്രാം കഞ്ചാവല്ലേ പിടിച്ചത്, അതിനു കേസെടുക്കണോ? മൂന്നു ഗ്രാം കഞ്ചാവ് കൈവശം വച്ചാൽ കേസെടുക്കാനാവില്ല. എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെ കഞ്ചാവ് സൂക്ഷിച്ചതിനും വലിച്ചതിനും എക്സൈസ് പിടികൂടി കേസെടുത്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്. ഏത് അളവിലായാലും കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ പറയുന്നു. ഒരു ഗ്രാം കഞ്ചാവ് കൈവശംവച്ചാലും 100 കിലോ കൈവശം വച്ചാലും 2001വരെ ഒരേ ശിക്ഷയായിരുന്നു. 2001ൽ നിയമത്തിൽ ഭേദഗതിവന്നു. കഞ്ചാവിന്റെ അളവിന് അനുസരിച്ച് ശിക്ഷയിലും മാറ്റം വരുത്തി. സ്മോൾ, മീഡിയം, കമേഷ്യൽ എന്നിങ്ങനെ വേർതിരിച്ചു. ഈ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഓരോ ലഹരിമരുന്നിന്റെയും അളവ് വ്യത്യസ്തമാണ്. കഞ്ചാവിന്റെ കാര്യമെടുത്താൽ ഒരു കിലോവരെ സ്മോൾ വിഭാഗത്തിലാണ്. 20 കിലോവരെ മീഡിയം. 20ന് മുകളിൽ കമേഷ്യൽ. ഹഷീഷ് ഓയിലാണെങ്കിൽ ഒരു കിലോയ്ക്ക് മുകളിൽ കമേഷ്യൽ ആണ്. എംഡിഎംഎ ആണെങ്കിൽ പത്തുഗ്രാമിന് മുകളിലാണ് കമേഷ്യൽ.
ഒരു കിലോ കഞ്ചാവ് കൈവശംവച്ചാൽ ഒരു വർഷം വരെ തടവും 10,000 രൂപയുമാണു പിഴ. അതിനു മുകളിൽ കഞ്ചാവു പിടിച്ചാൽ 10 കൊല്ലംവരെ ശിക്ഷയും ഒരു ലക്ഷംരൂപ പിഴയും. 20 കിലോയ്ക്കു മുകളിൽ കഞ്ചാവു പിടിച്ച കമേഷ്യൽ കേസാണെങ്കിൽ 20 കൊല്ലം തടവും രണ്ട് ലക്ഷംരൂപ പിഴയും. ഏത് അളവിൽ കഞ്ചാവ് പിടിച്ചാലും ജാമ്യം നൽകാൻ എൻഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് ആക്ട്) അനുസരിച്ച് വ്യവസ്ഥയില്ല. 3 ഗ്രാം പിടിച്ചാലും മജിസ്ട്രേറ്റിന് റിമാൻഡ് ചെയ്യാം. എന്നാൽ, ചെറിയ അളവിലുള്ള കഞ്ചാവാണെങ്കിൽ ചില കോടതികളും ഉദ്യോഗസ്ഥരും ജാമ്യം നൽകുന്ന രീതിയുണ്ട്. ചെറിയ അളവാണെങ്കിൽ ജാമ്യം കൊടുക്കാമെന്ന് ചില കോടതികൾ നിർദേശിച്ച കേസുകളുണ്ട്. മറുവശത്ത്, ജാമ്യം കൊടുത്തതിനു ചില കോടതികൾ ഉദ്യോഗസ്ഥർക്ക് മെമ്മോ കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ചെറിയ അളവിൽ കഞ്ചാവ് പിടിച്ചാൽ ജാമ്യം നൽകാമെന്ന് എൻഡിപിഎസ് ആക്ടിൽ ഒരിടത്തും പറയുന്നില്ല. എൻഡിപിഎസ് 37–ാം വകുപ്പ് അനുസരിച്ച് എല്ലാ കേസുകളും ഗൗരവസ്വഭാവമുള്ളതാണ്, ജാമ്യമില്ലാത്തതും. സ്റ്റേഷൻ ജാമ്യം നൽകാൻ കഴിയില്ല. കോടതിക്ക് മാത്രമേ ജാമ്യം കൊടുക്കാൻ കഴിയൂ. അതു മജിസ്ട്രേറ്റിന്റെ വിവേചനാധികാരമാണ്. ഹൈക്കോടതി വിധി അനുസരിച്ചും നിയമങ്ങൾ അനുസരിച്ചും ജാമ്യം നൽകാൻ വ്യവസ്ഥയില്ല. എൻഡിപിഎസ് ആക്ട് പ്രകാരം ചെറിയ കേസായാലും വലിയ കേസായാലും ഗൗരവസ്വഭാവമുള്ളതാണ്. ജാമ്യം കൊടുക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് അധികാരമില്ലെന്നാണ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ കാമുകി റിയ ചക്രവർത്തിയുടെ കേസിൽ ബോംബെ ഹൈക്കോടതി പറഞ്ഞത്. കൈവശമുണ്ടായിരുന്ന ലഹരിമരുന്നിന്റെ അളവ് കുറവായിരുന്നെങ്കിലും റിയയ്ക്ക് ജാമ്യം അനുവദിക്കാൻ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. റിയ ചക്രവർത്തിയെ റിമാൻഡ് ചെയ്തു. ഇതു കഴിഞ്ഞ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻഖാനെയും ലഹരിക്കേസിൽ കോടതി റിമാൻഡ് ചെയ്തു. ആര്യന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിരുന്നില്ല. ലഹരിമരുന്ന് സംബന്ധിച്ച ചാറ്റിന്റെ പേരിലായിരുന്നു അറസ്റ്റും റിമാൻഡും. റിയ കേസിലെ നടപടികൾ വ്യക്തമാക്കിയാണ് കോടതി ആര്യനെയും റിമാൻഡ് ചെയ്തത്. ഇതെല്ലാം തെറ്റിച്ച് പല സ്ഥങ്ങളിലും ഉദ്യോഗസ്ഥരും കോടതിയും ലഹരിക്കേസുകളിൽ ജാമ്യം കൊടുക്കാറുണ്ട്.
എൻഡിപിഎസ് 52 വകുപ്പിലാണ് അറസ്റ്റു ചെയ്ത വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളെയും എന്തു ചെയ്യണമെന്ന് പറയുന്നത്. എൻഡിപിഎസ് നിയമത്തിൽ 8 അധ്യായമുണ്ട്. 41 മുതൽ 68വരെ പറയുന്നത് നടപടിക്രമങ്ങളാണ്. ഇത് പാലിച്ചില്ലെങ്കിൽ കേസ് തള്ളിപ്പോകും. എൻഡിപിഎസ് ആക്ടിലെ 41 (1) പ്രകാരം വാറണ്ട് അനുസരിച്ച് കേസെടുക്കുന്നതാണ്. വാറണ്ട് ഉണ്ടെങ്കിൽ ആ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം. ബാക്കിയുള്ള കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കി നിയമം പറയുന്ന രീതിയിൽ ചെയ്യണം. അല്ലാതെ ജാമ്യം കൊടുക്കാനല്ല എൻഡിപിഎസ് ആക്ടിൽ പറയുന്നത്.
കുട്ടികളാണെങ്കിൽ കേസെടുത്തശേഷം എൻഡിപിഎസ് 64 (എ) അനുസരിച്ച് എക്സൈസിന് അവരെ അംഗീകൃത ഡീ അഡിക്‌ഷൻ സെന്ററിലേക്ക് അയയ്ക്കാം. മാതാപിതാക്കളും അവരും അതിനു സമ്മതിക്കണം. വേണമെങ്കിൽ കോടതിക്കു റിമാൻഡ് ചെയ്യാം. ജാമ്യം കൊടുക്കാനാകില്ല. എക്സൈസിനു റിപ്പോർട്ട് കോടതിയിൽ കൊടുത്ത് ഡീ അഡിക്‌ഷൻ സെന്ററിലേക്ക് വിടാം. ലഹരിയിൽനിന്ന് മോചിതനായെന്ന് സർക്കാർ അംഗീകൃത ഡോക്ടറുടെ സർട്ടിഫിക്കറ്റ് നൽകിയാൽ പ്രോസിക്യൂഷൻ ഒരു തവണത്തേക്ക് ഒഴിവാക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഒഴിവാക്കിയ കുറ്റത്തിനും വിചാരണ നേരിടേണ്ടിവരും. എൻഡിപിഎസ് സെക്ഷൻ 39 പ്രകാരം കോടതിക്ക് കേസ് നേരിട്ട് പ്രോബേഷനറി ഓഫിസർക്കു വിടാം. ഡീ അഡിക്‌ഷന്‍ സെന്ററിലെ ചികിത്സയ്ക്കുശേഷം ഓഫിസറുടെയും ഡോക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ഒഴിവാക്കാം. ഇതിനപ്പുറം കാര്യങ്ങൾ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. ലഹരി ഉപയോഗിച്ച് പിടിക്കപ്പെട്ടാൽ രക്തമല്ല മൂത്രം പരിശോധിക്കണമെന്ന് ഉദ്യോസ്ഥർ പറയുന്നു. എങ്കിലേ ശക്തമായ തെളിവു ലഭിക്കൂ. മുടിയിലും മൂത്രത്തിലുമാണ് ലഹരിയുടെ സാന്നിധ്യം കൂടുതൽ നിൽക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.