15കാരിക്ക് അശ്ലീല സന്ദേശം അയച്ചു, പീഡിപ്പിച്ചു; പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷാ പോക്സോ കേസിൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണു നടപടി.
15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. തുടർന്ന് ഇയാളുടെ ഭാര്യയ്ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു.
വിശദ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.