ADVERTISEMENT

ശബരിമല ∙ കറുപ്പുടുത്ത് പതിനെട്ടു മലകളും ഭക്തലക്ഷങ്ങളും ധ്യാനമൗനത്തിലാണ്ടുനിന്നു. കളഭത്തണുപ്പും കർപ്പൂരഗന്ധവുമുള്ള കാറ്റ് സന്നിധാനത്ത് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ കിഴക്ക് കരിനീലയാകാശത്ത് ശ്രീഭൂതനാഥന്റെ മകുടരത്നം പോലെ മകരനക്ഷത്രമുദിച്ചു. അതിന്റെ പ്രതിഫലനം പോലെ താഴെ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ഭൂമിമലയാളത്തിനും ഈരേഴുലകിനും അധിപതിയായ അയ്യന് മകരസംക്രമസന്ധ്യയിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. പൊടുന്നനെ ഭക്തസാഗരം നിർവൃതിയുടെ വേലിയേറ്റത്തിലിളകി: ‘സ്വാമിയേ...’ കാറ്റും കാനനവും കാലവും അതേറ്റുവിളിച്ചു: ‘ശരണമയ്യപ്പാ....’

പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യുട്ടിവ് ഓഫിസർ ബി.മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണ ഘോഷയാത്രയെ 6.30ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപനമന്ത്രി പി.കെ.ശേഖർ ബാബു, വി.കെ.ശ്രീകണ്ഠൻ എംപി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ.യു ജനീഷ്‌കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ,ജി.സുന്ദരേശൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

മകരജ്യോതി ദർശനത്തിനു ശേഷം മടങ്ങുന്ന തീർഥാടകർ. പമ്പയിൽ നിന്നുള്ള കാഴ്ച. ചിത്രം:ഹരിലാൽ/മനോരമ
മകരജ്യോതി ദർശനത്തിനു ശേഷം മടങ്ങുന്ന തീർഥാടകർ. പമ്പയിൽ നിന്നുള്ള കാഴ്ച. ചിത്രം:ഹരിലാൽ/മനോരമ

തിരുവാഭരണ പേടകം പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തിച്ചപ്പോൾ ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തിരുവാഭരണം ശ്രീകോവിലിൽ എത്തിച്ച ശേഷം ദീപാരാധനയ്ക്കായി നടയടച്ചു. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച തിരുവാഭരണങ്ങൾ സന്ധ്യാദീപാരാധനയിൽ അയ്യപ്പനെ അണിയിച്ചു.

ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്. കാർമേഘാവൃതമായ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയുടെ അന്തരീക്ഷത്തിലായിരുന്നു ഇത്തവണ സന്നിധാനത്തെ മകരവിളക്ക് ദർശനം. തുടർന്ന് തിരുവാഭരണം അണിഞ്ഞുള്ള ദർശനവും ആരംഭിച്ചു. ജനുവരി 17 വരെ തിരുവാഭരണം അണിഞ്ഞുള്ള ദർശനം നടത്താം.

  • 2 month ago
    Jan 20, 2025 10:21 AM IST

    ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.

  • 2 month ago
    Jan 20, 2025 10:19 AM IST

    തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.

  • 2 month ago
    Jan 20, 2025 10:19 AM IST

    മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.

  • 2 month ago
    Jan 14, 2025 06:46 PM IST

    പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ‌

  • 2 month ago
    Jan 14, 2025 06:33 PM IST

    ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും

     

     

  • 2 month ago
    Jan 14, 2025 06:32 PM IST

    സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും. 

  • 2 month ago
    Jan 14, 2025 06:29 PM IST

    തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽ‌കി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 

     

     

  • 2 month ago
    Jan 14, 2025 05:56 PM IST

    തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു

     

     

  • 2 month ago
    Jan 14, 2025 05:49 PM IST

    sabarimala-makaravilakku-hilltop-1401
    മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ
  • 2 month ago
    Jan 14, 2025 05:47 PM IST

    പുണ്യദർശനം കാത്തു തീർഥാടകർ. (ചിത്രം:നിഖിൽ രാജ്∙മനോരമ)

പന്തളത്ത് സൂക്ഷിച്ച തിരുവാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാൽനടയായാണ് കൊണ്ടുവന്നത്. മകരസംക്രമ മുഹൂർത്തമായ രാവിലെ 8.45ന് മകരസംക്രമ പൂജ നടന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും എത്തിച്ച നെയ്യ് അഭിഷേകം ചെയ്തു. വൈകീട്ട് 4.50നാണ് ദീപാരാധനയ്ക്കായി നട തുറന്നത്.

English Summary:

Sabarimala Temple Live News Updates: Lakhs of Lord Ayyappa devotees witness Makara Jyothi at Sabarimala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com