ഉത്തരേന്ത്യയിൽ ശൈത്യം; കേരളത്തിൽ 36 ഡിഗ്രിയും കടന്ന് ചൂട്, രാജ്യത്തെ ഉയർന്ന താപനില കണ്ണൂരും കോട്ടയത്തും

Mail This Article
പത്തനംതിട്ട ∙ ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിൽ അമർന്നിരിക്കുമ്പോൾ, രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി കേരളം. കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പു പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ 24ന് അനുഭവപ്പെട്ട 36.6 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില. 36.5 ഡിഗ്രിയുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്. മധ്യകേരളത്തിൽ താപനില വർധിക്കുന്ന പ്രവണത അടുത്ത കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ തന്നെ സ്വയം നിയന്ത്രിത മാപിനികളിൽ പല സ്ഥലങ്ങളിലും താപനില 38 ഡിഗ്രിക്കും മുകളിലാണ്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും സംസ്ഥാനത്ത് 3 ഡിഗ്രി വരെ താപനില ഉയരുമെന്ന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഭൂമധ്യരേഖ പിന്നിട്ട് സൂര്യന്റെ വടക്കോട്ടുള്ള ഗമനം പുരോഗമിക്കുന്നതോടെ കേരളത്തിലും മറ്റും മാർച്ച് മാസം മുതലാണ് ചൂട് വർധിച്ചിരുന്നത്. ജനുവരിയിൽ 37 ഡിഗ്രി വരെ ചൂട് ഇതിനു മുൻപും അനുഭവപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നു. പുനലൂരും മറ്റുമായിരുന്നു ഇതിനു മുൻപ് ജനുവരി മാസത്തെ കൂടിയ താപനില അനുഭവപ്പെട്ടിരുന്നത്. എന്നാൽ കണ്ണൂർ വിമാനത്താവളവും അനുബന്ധ നിരീക്ഷണ സംവിധാനങ്ങളും വന്നതോടെ കൂടിയ താപനില അവിടെ രേഖപ്പെടുത്താൻ തുടങ്ങി. മധ്യകേരളത്തിൽ ജനുവരി മാസത്തിൽ അൽപ്പം കൂടിയ ചൂട് അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. എന്നാൽ മാർച്ച്– ഏപ്രിൽ ആകുന്നതോടെ പാലക്കാട് ഭാഗത്താവും കൂടിയ ചൂട് അനുഭവപ്പെടുക. അതേ സമയം ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 21.8 ഡിഗ്രി കോട്ടയത്താണ്.
സംസ്ഥാനത്ത് തുലാമഴക്കാലം ഏതാണ്ട് പൂർണമായും അവസാനിച്ചു എന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. ഇടവിട്ട മഴ പ്രതീക്ഷിക്കാം. ചൂട് ഏറിയതോടെ മാവും മറ്റും നിറഞ്ഞു പൂക്കുന്ന പ്രവണയും കാണാം. എന്നാൽ വരാനിരിക്കുന്ന വേനൽ കഠിനമാകുമോ എന്ന ആശങ്കയും ഇല്ലാതില്ല. ചൂട് ഏറുന്നതോടെ നദികളിലും ജലാശയങ്ങളിലുമുള്ള വെള്ളം നീരാവിയായി ഉയരുന്നതോടെ ജലനിരപ്പിൽ കുറവ് അനുഭവപ്പെട്ടേക്കാം. കിണറുകളിലും മറ്റും ഭൂഗർഭജലനിരപ്പ് കാര്യമായി താണിട്ടില്ല എന്നതാണ് ഏക ആശ്വാസം. ഇടമഴയും പ്രതീക്ഷയേകുന്നു.