‘മനുഷ്യന് ജീവിക്കാനുള്ള അവകാശത്തേക്കാൾ മുകളിലല്ല വന്യജീവി സംരക്ഷണം’; മലയോര സമരയാത്രയ്ക്കു തുടക്കം

Mail This Article
കണ്ണൂർ∙ മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചാരണ യാത്രയ്ക്കു തുടക്കം. കണ്ണൂർ ഇരിക്കൂറിലെ കരുവഞ്ചാലിൽ നിന്നാണ് യാത്ര തുടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി യാത്ര ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കൃഷിമേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. വന്യജീവി ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ഉദ്ഘാടന യോഗം ആരംഭിച്ചത്.
കുടിയേറ്റ കർഷകർ ഇന്നു മരണഭീതിയിലാണെന്നും മരണഭീതികൊണ്ട് അവർക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നും യാത്ര ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ‘‘മാനന്തവാടിയിലെ രാധയടക്കം നിരവധി പേർ മരിച്ചു. ഓരോ ദിവസം കഴിയും തോറും അവസ്ഥ ഭീകരമായി മാറുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരിൽനിന്നു സഹായം പ്രതീക്ഷിക്കുന്നത് തെറ്റായ കാര്യമാണ്. വന്യജീവി ആക്രമണം മൂലം സാധാരണക്കാർ മരിക്കുന്നത് നിത്യസംഭവമായി മാറുമ്പോൾ സർക്കാരുകൾ നിരുത്തരവാദിയായി നോക്കി നിൽക്കുന്നു.
വനംമന്ത്രി എത്ര ലാഘവത്തോടെയാണ് മറുപടി പറയുന്നത്. മരിക്കുന്നവരുടെ എണ്ണം കുറയുന്നില്ലേയെന്നു മന്ത്രി ചോദിക്കുന്നത് കണ്ടു. ആധുനിക സാങ്കതികവിദ്യയുടെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട വിഷയത്തിൽ ഒരു നടപടിയും സർക്കാരുകൾ നടപടി എടുക്കുന്നില്ല. വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. വന്യജീവികൾക്ക് ആരും എതിരല്ല. മനുഷ്യന് ജീവിക്കാനുള്ള അവകാശത്തേക്കാൾ മുകളിലല്ല വന്യജീവി സംരക്ഷണ നിയമം. പിണറായി വിജയന് ആണത്തമുണ്ടെങ്കിൽ ക്രിയാത്മകമായ ഇടപെടൽ നടത്തണം.’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.
പിണറായി വിജയൻ ആർക്കുവേണ്ടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചോദിച്ചു. ‘‘നാടിന്റെ പോക്ക് എങ്ങോട്ടാണ്. കഴിഞ്ഞ എട്ടു വർഷമായി പിണറായി വിജയൻ എന്ന കോന്തൻ കേരളം ഭരിക്കുന്നു. കുടുംബത്തെ പോറ്റാനാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദവിയിലിരിക്കുന്നത്. സ്വർണം കടത്തിയും മറ്റുമാണ് ഭരിക്കുന്നത്. ഇടതുപക്ഷ സർക്കാരുകളുടെ ഭരണകാലത്തിൽ സമാധാനത്തിന്റെ സാഹചര്യം കേരളത്തിൽ ഉണ്ടായിട്ടില്ല. ആളുകൾക്ക് സമാധാനം നഷ്ടപ്പെടുന്നു. കുട്ടികൾ വഴിതെറ്റുന്നു. മനുഷ്യനെ സംരക്ഷിക്കാൻ സാധിക്കാത്ത സർക്കാരിന് മൃഗങ്ങളെ എങ്ങനെയാണ് സംരക്ഷിക്കാൻ സാധിക്കുക. ഞാനും 6 വർഷം വനംവകുപ്പ് മന്ത്രിയായിരുന്നു. പറ്റില്ലെങ്കിൽ പിണറായി വിജയൻ ഭരണം കൈമാറി പോകണം.’’ – കെ.സുധാകരൻ പറഞ്ഞു.
മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മോൻസ് ജോസഫ് എംഎൽഎ, സി.പി.ജോൺ തുടങ്ങിയ യുഡിഎഫ് നേതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിനമായതിനാൽ നാളെ യാത്രയില്ല. 27ന് വൈകിട്ട് 3ന് ആറളത്തും 5ന് കൊട്ടിയൂരിലെയും സ്വീകരണത്തിന് ശേഷം വയനാട്ടിലേക്ക് യാത്ര പ്രവേശിക്കും. ഫെബ്രുവരി 5ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.